കാലവർഷ കലണ്ടറുമായി റെവിൻ കൃഷി
മഴ കുറയും; മൂപ്പുകുറഞ്ഞ വിത്ത് ഉപയോഗിക്കാം


അഖില ബാലകൃഷ്ണൻ
Published on May 28, 2026, 01:02 AM | 1 min read
പാലക്കാട് '
സൂപ്പർ എൽനിനോ' പ്രതിഭാസം മൂലം മഴ കുറയാൻ സാധ്യതയുള്ളതിനാൽ ഒന്നാംവിളയിൽ ഹ്രസ്വകാല മൂപ്പുള്ള ജ്യോതി, കാഞ്ചന, മനുരത്ന എന്നീ ഇനങ്ങളും മധ്യകാല മൂപ്പുള്ള ഉമയും കൃഷിയിറക്കണമെന്ന് കർഷകർക്ക് നിർദേശം. ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാമും പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്റ്റാർട്ടപ് സംരംഭമായ റെവിൻ കൃഷിയും ചേർന്നാണ് 2026-ലെ ‘നെല്ലിലെ ഒന്നാം വിള- കീട-രോഗ കാലാവസ്ഥാ കലണ്ടർ' തയ്യാറാക്കിയത്. കളശല്യം കുറഞ്ഞ പാടങ്ങളിൽ പൊടിവിത നടത്താം. മെയ് അവസാനം വിതച്ചാൽ സെപ്തംബർ അവസാനത്തോടെ കൊയ്തെടുക്കാം. വെള്ളക്കെട്ടുള്ള ഇടങ്ങളിൽ നേരത്തേയുള്ള നടീലാണ് ഉചിതം. നടീൽ രീതിക്ക് ഇൗ ആയാഴ്‌ചതന്നെ ഞാറ്റടി തയ്യാറാക്കണം. ജൂൺ 10-നും 15-നും ഇടയിൽ നടീൽ പൂർത്തിയാക്കിയാൽ ഒക്ടോബർ ആദ്യവാരം കൊയ്ത്ത് അവസാനിപ്പിച്ച് രണ്ടാംവിളയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങാം. കാലംതെറ്റിയുള്ള കാലാവസ്ഥയിൽ കർഷകനെ സഹായിക്കാനാണ് പാലക്കാട് ഐഐടിയുടെ അഗ്രി ടെക് സ്റ്റാർട്ടപ്പായ റെവിൻ വികസിപ്പിച്ചത്. സെൻസറുകൾ വഴി ഈർപ്പം, താപനില, കാറ്റിന്റെ ഗതി, മഴയുടെ അളവ്, സൂര്യപ്രകാശം, ബാഷ്പമർദം എന്നിവ പരിശോധിച്ചാണ് കലണ്ടർ തയ്യാറാക്കിയത്. വളർച്ചാ ഘട്ടങ്ങളും രോഗസാധ്യതകളും ജൂൺ–- ജൂലൈ: നട്ടുകഴിഞ്ഞ പാടങ്ങളിൽ മഴ കുറഞ്ഞാൽ ഇലപ്പേൻ ആക്രമണം കൂടും. ചൂടും ചാറ്റൽ മഴയും മാറിമാറി വന്നാൽ ബാക്ടീരിയൽ ഓലകരിച്ചിൽ, ഗാളീച്ച എന്നിവയ്ക്ക് സാധ്യതയുണ്ട്. ജൂലൈ പകുതിയോടെ മഴ കുറഞ്ഞാൽ മണ്ഡരി ബാധയും, മഴ കൂടിയാൽ ഓലചീയൽ, ബ്ലാസ്റ്റ് രോഗങ്ങളും ഉണ്ടായേക്കാം. ജൂലൈ അവസാനം –- സെപ്റ്റംബർ ആദ്യം നെല്ല് കതിരിടുന്നതുമുതൽ പാലുറയ്‌ക്കുന്നതുവരെയുള്ള ഈ 35 ദിവസങ്ങളിൽ ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ, മുഞ്ഞ, ചാഴി, പോളചീയൽ എന്നിവ ശ്രദ്ധിക്കണം. കനത്ത മഴ പെയ്താൽ വാരിപ്പൂ രോഗത്തിനും നെന്മണികൾ കറുക്കാനും സാധ്യതയുണ്ട്. പാടത്ത് അഞ്ചു സെന്റിമീറ്റർ വെള്ളം നിർത്താൻ ശ്രദ്ധിക്കണം. പ്രതിരോധ മാർഗങ്ങൾ വിത്തിലും ഞാറിലും സ്യൂഡോമോണാസ് ഉപയോഗിക്കുക, ഏക്കറിന് 200 കിലോഗ്രാം കുമ്മായം ചേർക്കുക, പാടത്ത് മൂന്നു മീറ്റർ ഇടവിട്ട് വാരി (അടിപ്പാത) വിടുക, അനാവശ്യ കീടനാശിനി പ്രയോഗം ഒഴിവാക്കുക.










0 comments