നാളെ സ്‌കൂൾ തുറക്കും; അവധിക്കാലത്തിന് ഇനി അവധി

പൂടൂർ ചെക്ക്‌ഡാമിൽ അവധിക്കാലത്തിന്റെ അവസാന നിമിഷങ്ങൾ ചെലവിടുന്ന വിദ്യാർഥികൾ

സ്വന്തം ലേഖകൻ
Published on May 31, 2026, 12:00 AM | 1 min read
പാലക്കാട്
അവധിക്കാലത്തിന്- വിട നൽകി പുത്തൻ യൂണിഫോമുകളണിഞ്ഞ് കുട്ടിക്കൂട്ടം തിങ്കളാഴ്‌ച സ്കൂളുകളിലെത്തും. പുതിയ അധ്യായം തുറക്കാൻ ജില്ലയിലെ സ്കൂളുകളൊരുങ്ങി. ആനന്ദത്തിന്റെ അവധിക്കാലം ഇക്കുറി ചൂടേറിയ കാലവുംകൂടിയായിരുന്നു. ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് കവിഞ്ഞ ചൂട് പകൽ നേരങ്ങളിലെ കളികളെ പ്രോത്സാഹിപ്പിച്ചില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കർശന നിർദേശത്തെ തുടർന്ന് വൈകുന്നേരങ്ങളിൽ മാത്രം കളിക്കൂട്ടം പുറത്തിറങ്ങി. വിനോദയാത്രകൾ അവസാനിപ്പിച്ച് വീടുകളിലൊതുങ്ങി. സുരക്ഷ കണക്കിലെടുത്ത് വിവിധ ക്യാമ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തി. മെയ് മാസത്തിൽ മഴയെത്തി ചൂട് ശമിച്ചപ്പോൾ കളിയരങ്ങുകൾ വീണ്ടും സജീവം. ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ നടന്ന കായിക ക്യാമ്പുകളിൽ നിരവധി കുട്ടികൾ പങ്കാളികളായി. നാടകം ഉൾപ്പെടെ അവധിക്കാല ക്യാമ്പുകളിലും ആവേശം നിറഞ്ഞു. അവധിതീരുമ്പോഴും ആനന്ദത്തിന് കുറവില്ല കുട്ടികൾക്ക്. എൽഡിഎഫ് സർക്കാർ അച്ചടിച്ചുവച്ച പുസ്‌തകങ്ങളും യൂണിഫോമുകളും ഇതിനോടകം കൈകളിലെത്തി. പുതിയ കൂട്ടുകാരുടെയും അധ്യാപകരുടെയും പ്രിയപ്പെട്ടവരാകാൻ ഒന്നാം ക്ലാസുകാരും തയ്യാറായി. പത്തും പതിനൊന്നും വിജയിച്ചുകയറിയവർ പുതിയ കാൽവയ്‌പ്പിന് തയ്യാറാകുന്നു. സ്കൂൾ തുറപ്പിനെ വരവേറ്റ് ആഴ്‌ചകൾക്കുമുന്പേ അങ്ങാടികളൊരുങ്ങി. സജീവമായ സ്കൂൾ വിപണിയിൽ തിരക്കുമേറി. ബാഗ്, കുട, പേന, നോട്ടുബുക്കുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ചോറ്റുപാത്രം, കുപ്പി എന്നിങ്ങനെ ആവശ്യമായതെല്ലാം വീടുകളിലെത്തി. പുസ്‌തകങ്ങളുടെ പുറംചട്ട പൊതിയുന്ന തിരക്കിലാണിപ്പോൾ. പഠനവും കലാപൂരവും കായിക മാമാങ്കവും മനോഹരമാക്കാൻ ഒരു ദിവസത്തെ കാത്തിരിപ്പുമാത്രം.










0 comments