എസ്‌എസ്‌എൽസി പരീക്ഷ അവസാനിച്ചു; വെക്കേഷൻ മൂഡ് ഓൺ

അവസാനദിവസത്തെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന പരുതൂർ എച്ച്എസ്എസിലെ വിദ്യാർഥികൾ പരസ്പരം ചായം തേച്ച് സ്നേഹം പങ്കിടുന്നു
സ്വന്തം ലേഖിക
Published on Mar 31, 2026, 12:35 AM | 1 min read
പാലക്കാട്
ഒരു ഭാഗത്ത് പരീക്ഷാ ചൂട് കഴിഞ്ഞതിന്റെ ആശ്വാസം, മറുഭാഗത്ത് കൂട്ടുകാരെ പിരിയുന്നതിന്റെ സങ്കടം. എന്തായാലും, മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കും ടെൻഷനും വിട. ഇനി രണ്ടുമാസത്തെ അവധിക്കാലം. പരസ്പരം കെട്ടിപ്പിടിച്ചും കരഞ്ഞും നിറങ്ങൾ വാരിവിതറിയുമാണ് ഹൈസ്‌കൂൾ കാലഘട്ടത്തിന്റെ അവസാന ദിവസത്തോട് വിദ്യാർഥികൾ വിടപറഞ്ഞത്. പത്താം ക്ലാസിൽ പരിഷ്-കരിച്ച പാഠപുസ്തകങ്ങൾ വന്നശേഷമുള്ള ആദ്യ എസ്‌എസ്‌എൽസി പരീക്ഷ ജില്ലയിൽ 39,121 വിദ്യാർഥികളാണെഴുതിയത്. ഇതിൽ 19,262 ആൺകുട്ടികളും 18,620 പേർ പെൺകുട്ടികളുമാണ്. 193 കേന്ദ്രങ്ങളിലായാണ് ജില്ലയിൽ പരീക്ഷനടന്നത്. ചോദ്യപേപ്പറിന്റെ നിലവാരവും ഇക്കൊല്ലം ഉയർത്തി. വ്യത്യസ്ത മാതൃകകൾ ഇത്തവണ പരീക്ഷിച്ചിരുന്നു. ഐടി പരീക്ഷയിൽ നിർമിത ബുദ്ധി, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തിയത് പ്രധാന പ്രത്യേകത. പരിഷ്-കരിച്ച സിലബസ് പുതിയ അനുഭവം ആയിരുന്നെന്നും ചോദ്യപേപ്പറുകൾ മുൻവർഷത്തെ അപേക്ഷിച്ച് വ്യത്യസ്തമായിരുന്നെന്നും വിദ്യാർഥികൾ പ്രതികരിച്ചു. ഏപ്രിൽ 16-ന് ആരംഭിക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ മെയ് രണ്ടോടെ പൂർത്തിയാകും. മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പരീക്ഷകളും പൂർത്തിയാക്കി രണ്ടുമാസത്തെ മധ്യവേനലവധിക്കായി സ്കൂളുകൾ ചൊവ്വാഴ്ച അടയ്ക്കും.









0 comments