ad
Deshabhimani

ഉത്തേജക മരുന്ന്‌ കുത്തിവച്ച്‌ കായിക പരിശീലനം

ഇനിയും കേസെടുക്കാതെ പൊലീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 24, 2026, 02:00 AM | 1 min read

പാലക്കാട്‌

ജില്ലയിലെ പ്രമുഖ കായിക പരിശീലന കേന്ദ്രം ഉത്തേജക മരുന്ന്‌ കുത്തിവച്ചതായി വിദ്യാർഥി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ്‌. പ്രാഥമികാന്വേഷണം തുടങ്ങിയതായും ഏത്‌ വകുപ്പ്‌ ചേർക്കണമെന്നും മറ്റുമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നും ഇതിനായി നിയമോപദേശം തേടിയെന്നുമാണ്‌ പൊലീസ്‌ അന്ന്‌ പറഞ്ഞത്‌. ബുധനാഴ്‌ചയും ഇത്‌ ആവർത്തിക്കുകയാണ്‌. കേന്ദ്രം ഉടമയുടെ രാഷ്‌ട്രീയ സ്വാധീനമാണ്‌ കേസെടുക്കുന്നതിന്‌ തടസ്സമെന്ന ആക്ഷേപം ശക്തം. 12നാണ്‌ വിദ്യാർഥി സ‍ൗത്ത്‌ പൊലീസിൽ പരാതി നൽകിയത്‌. കേന്ദ്രത്തിൽ പരിശീലനം നടത്തിവരികയാണെന്നും പലതവണ ഉത്തേജക ഹോർമോൺ കുത്തിവച്ചതായും പരാതിയിൽ പറയുന്നു. ഒളിമ്പ്യൻമാർ ഉപയോഗിക്കുന്നതാണെന്നും വിറ്റാമിനാണെന്നും പറഞ്ഞ്‌ കുത്തിവച്ചത്‌ ടെസ്റ്റോസ്റ്റിറോണാണ്‌. ഇതുകാരണം ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു. പരിശീലകരുടെ വീട്ടിൽ വിളിച്ചുവരുത്തിയാണ്‌ നിർബന്ധിച്ച്‌ കുത്തിവയ്‌പ്പ്‌ നടത്തിയത്‌. മറ്റ്‌ കുട്ടികളിൽ കുത്തിവയ്‌പ്പ്‌ നടത്തുന്നത്‌ കണ്ടതായും പരാതിയിലുണ്ട്‌. ജിമ്മിൽ പരിശീലനത്തിനായി സമീപിച്ച കുട്ടികളുടെ പ്രകടനത്തിൽ സംശയം തോന്നിയ ഇൻസ്‌ട്രക്ടർ അന്വേഷിച്ചപ്പോഴാണ്‌ വിവരം പുറത്തായത്‌. നാല്‌ വിദ്യാർഥികൾ കേന്ദ്രത്തിലെ പരിശീലനം ഉപേക്ഷിച്ചിരുന്നു. 15 വയസ്സിനുമുകളിലുള്ള കുട്ടികളിലാണ്‌ ഹോർമോൺ പ്രയോഗിക്കുന്നത്‌. പരാതിയിൽ വിവിധ വകുപ്പുകൾ ഉപയോഗിച്ച്‌ കേസെടുക്കാമെന്ന്‌ നിയമ വിദഗ്‌ധർ പറയുന്നു. മരുന്ന് കുത്തിവച്ച് വ്യാജമായി കായികക്ഷമത ഉണ്ടാക്കി മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് വഞ്ചനാക്കുറ്റമായി കണക്കാക്കിയും കേസെടുക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കാണ്‌ മരുന്ന്‌ കുത്തിവച്ചതെങ്കിൽ ക്രിമിനൽ കുറ്റവും ചുമത്താം. ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ്‌ ആക്ട് പ്രകാരം ഡോക്ടറുടെ കുറിപ്പടിയില്ലാതെ നിരോധിത സ്റ്റിറോയിഡുകളും ഹോർമോണുകളും നിയമവിരുദ്ധമായി ശേഖരിക്കുന്നതിനും കൈവശംവയ്‌ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമെതിരെ കേസെടുക്കാം. പരിശീലനം ലഭിക്കുന്ന കായികതാരം 18 വയസ്സിന് താഴെയുള്ളതാണെങ്കിൽ ശരീരത്തിലേക്ക് ദോഷകരമായ രാസവസ്തുക്കൾ കുത്തിവയ്‌ക്കുന്നത് കുട്ടികൾക്കെതിരെയുള്ള അതിക്രമമായി കണക്കാക്കി പോക്സോ നിയമപ്രകാരവും കായികതാരങ്ങൾക്ക് നിരോധിത ഉത്തേജകങ്ങൾ നൽകുന്ന കോച്ചുകൾ, ഫിസിയോകൾ, ഡോക്ടർമാർ എന്നിവർക്കെതിരെ ആന്റി ഡോപ്പിങ് നിയമങ്ങൾ പ്രകാരവും കേസെടുക്കാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home