Deshabhimani

ഷൊർണൂരിൽ ഇനി നാടകകാലം

drama
വെബ് ഡെസ്ക്

Published on Sep 30, 2026, 01:03 AM | 1 min read

ഷൊർണൂർ

നടൻ ബാലൻ കെ നായരുടെ സ്‌മരണാർഥം ഷൊർണൂർ പ്രഭാതം കലാ സാംസ്കാരിക വേദി നടത്തിവരുന്ന അഖില കേരള പ്രൊഫഷണൽ മലയാളനാടകോത്സവത്തിന് ഒക്‌ടോബർ ഒന്ന്‌ മുതൽ 11 വരെ ഷൊർണൂർ കെ വി ആർ ഹൈസ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നിന്‌ വൈകിട്ട് 6ന് കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജനഭേരി തിയറ്റർ മ്യൂസിക്‌ ബാൻജ്‌ റൂട്ട്‌സ്‌ അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും. നാടകോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 10ന് രാവിലെ ഒന്പതിന് മുല്ലനേഴി കാവ്യോത്സവം നടക്കും, മുരുകൻ കാട്ടാക്കട കാവ്യോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂൾ വിദ്യാർഥികളുടെ കവിതാലാപനം, കവിതാ രചന മത്സരങ്ങൾ എന്നിവ നടക്കും. ദിവസവും വൈകിട്ട് ഏഴിന്‌ നാടകം നടക്കുക. ഒക്ടോബർ രണ്ടിന്‌ മലയാള നാടകവേദിയുടെ ഒരു സുന്ദര ദിവസം, മൂന്നിന് ഓച്ചിറ സരിഗയുടെ സരയുവിന്റെ സ്‌കൂട്ടർ, നാലിന് കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം, അഞ്ചിന് തിരുവനന്തപുരം ശ്രീനന്ദനയുടെ ഇരുവർ, ആറിന് തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം, ഏഴിന് കൊല്ലം എക്കോ തീയറ്ററിന്റെ നിലാവ് പറഞ്ഞത്, എട്ടിന് അമ്പലപ്പുഴ സാരഥിയുടെ ഞാൻ അപ്രസക്തൻ, ഒന്പതിന് ആലപ്പുഴ സൂര്യകാന്തിയുടെ ജീവന്റെ ജീവൻ, 10ന് ചങ്ങനാശേരി അണിയറയുടെ തിര, 11 ന് പത്താനപുരം ഗാന്ധിഭവൻ തീയറ്റർ ഇന്ത്യയുടെ കൂട് എന്നിവ അരങ്ങേറും. പതിറ്റാണ്ടുകളായി പത്രവിതരണ രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കുമെന്ന്‌ പ്രഭാതം കലാ സാംസ്കാരിക വേദി പ്രസിഡന്റ് എം ആർ മുരളി, സെക്രട്ടറി എം ബി രതീഷ്, വൈസ് പ്രസിഡന്റ്‌ ഒ പി ഗോവിന്ദൻകുട്ടി, ജോയിന്റ്‌ സെക്രട്ടറി പി സുരേന്ദ്രൻ, എം മുരളി, പി ടി നിരഞ്ജൻ, പി സുജ, വി പ്രസീത എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home