സ്കൂൾ ബസിന്റെ വാതിൽ തെറിച്ചുവീണ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു

മോട്ടോർ വാഹന ഉദ്യോഗസ്ഥർ തച്ചമ്പാറ സ്കൂളിലെ ബസുകൾ പരിശോധിക്കുന്നു

സ്വന്തം ലേഖകൻ
Published on Jun 06, 2026, 01:00 AM | 2 min read
മണ്ണാർക്കാട്
വിദ്യാർഥികളുമായുള്ള ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ വാതിൽ റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത് മോട്ടോർ വാഹന വകുപ്പ്. തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്‌കൂൾ ഡ്രൈവർ പൊറ്റശേരി സ്വദേശി സന്തോഷിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്‌തത്. ഫിറ്റ്‌നസില്ലാത്ത ബസിൽ കുട്ടികളെ കയറ്റിയതിനാണ് നടപടിയെന്ന് മണ്ണാർക്കാട് മോട്ടോർ വാഹന ഇൻസ്‌പെക്ടർ പി എം രവികുമാർ പറഞ്ഞു. പരിശോധനയിൽ സ്‌കൂളിലെ എട്ട് ബസിന് ഫിറ്റ്‌നസില്ലെന്ന് കണ്ടെത്തിയതോടെ കേസെടുത്ത് 30,000 രൂപ പിഴചുമത്തിയിരുന്നു. സ്കൂൾ അധികൃതരുടെ വീഴ്ച പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തച്ചമ്പാറ – അരപ്പാറ റോഡിൽ വ്യാഴം രാവിലെ 9.30നാണ് അപകടം. ജില്ലയിൽ ഇനിയും പരിശോധനയ്ക്ക് ഹാജരാക്കാത്ത ബസുകൾ സ്‌കൂളുകളിലെത്തി പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ പിടിച്ചെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ബസ് മുക്കി സ്‌കൂൾ; ജിപിഎസ് കുടുക്കി
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വെള്ളി രാവിലെ ദേശബന്ധു ഹയർ സെക്കൻഡറി സ്‌കൂളിലെത്തുന്പോഴേക്കും അപകടമുണ്ടായ ബസ് സ്‌കൂൾ അധികൃതർ മാറ്റി. ജിപിഎസ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാലക്കാട് കൊപ്പത്തുനിന്ന് ബസ് കണ്ടെത്തുകയായിരുന്നു. ഗുരുതര തകരാർ കണ്ടെത്തിയ രണ്ട് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. ഇവയിൽ ജിപിഎസ് സംവിധാനവും പ്രവർത്തിക്കുന്നില്ല. ഫ്ലോറിലും തകരാറുകളുണ്ടായിരുന്നു. നാല് ബസിന്റെ തകരാർ പരിഹരിക്കാൻ മെമ്മോയും നൽകി. ജില്ലാ ആർടിഒ സി യു മുജീബ്, മണ്ണാർക്കാട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ പി എം രവികുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാരായ അരവിന്ദാക്ഷൻ, മുഹമ്മദ് റഫീഖ്, ദിവിൻ, ലബീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സ്‌കൂൾ ബസ് പിടിച്ചെടുത്തു
പട്ടാമ്പി
ഫിറ്റ്നസ്, ഇൻഷുറൻസ്, ടാക്‌സ് എന്നിവയില്ലാതെ സർവീസ് നടത്തിയ സ്കൂൾ ബസ് പിടിച്ചെടുത്തു. ശരിയായ രേഖകളില്ലാതെയും മോട്ടോർ വാഹന വകുപ്പിന്റെ മൺസൂൺ പരിശോധനയ്ക്ക് ഹാജരാകാതെയും സർവീസ് നടത്തിയ കെഎൽ 52 എ1388 നമ്പർ ബസാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. സ്‌കൂൾ ബസിന്റെ ഡ്രൈവർമാർക്ക് നിശ്ചിത യോഗ്യത ഉണ്ടായിരിക്കണം, 10 വർഷത്തെ പ്രവൃത്തിപരിചയമുള്ളവരെ മാത്രമേ ഡ്രൈവർമാരായി നിയമിക്കാവൂ, ഡോർ അറ്റൻഡന്റ് നിർബന്ധമായും വാഹങ്ങളിൽ ഉണ്ടായിരിക്കണമെന്നും 10നുശേഷം പരിശോധനാ സ്റ്റിക്കറില്ലാത്ത സ്‌കൂൾ വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും പട്ടാമ്പി ജോയിന്റ് ആർടിഒ അറിയിച്ചു.










0 comments