സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷ; പൂവണിഞ്ഞത് 22,006 സ്വപ്‌നങ്ങൾ

പാലക്കാട്
അഞ്ചുവർഷത്തിൽ ജില്ലാ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയിലൂടെ സ്വപ്‌നം പൂവണിഞ്ഞത് 22,006 പേർക്ക്. നാലാംതരത്തിൽ 2,749 പേരും ഏഴാംതരത്തിൽ 1,079 പേരും പത്താംതരത്തിൽ 8,716 പേരും പ്ലസ്‌ടുവിന് 9,462 പേരും വിജയിച്ചു. സംസ്ഥാനത്ത് അഞ്ചുവർഷത്തിൽ ഏറ്റവും കൂടുതൽ വിജയികളുള്ള ജില്ലകളിലൊന്നാണ് പാലക്കാട്. ജീവിത സാഹചര്യങ്ങളാൽ പാതിവഴിയിൽ പഠിത്തം നിർത്തേണ്ടിവന്ന നിരവധിപേരാണ് സാക്ഷരതാ മിഷന്റെ ചിറകിൽ ആഗ്രഹം സഫലീകരിച്ചത്. പ്രായമേറിയവരും ചുറുചുറുക്കോടെ പരീക്ഷ എഴുതിയവരുടെ കൂട്ടത്തിലുണ്ട്. വട്ടേനാട് ജിവിഎച്ച്‌എസ്‌എസ്, പട്ടാമ്പി ജിഎച്ച്എസ്എസ്, ഈസ്റ്റ് ഒറ്റപ്പാലം ബിആർസി, ഈസ്റ്റ് ഒറ്റപ്പാലം ജിഎച്ച്എസ്എസ്, പാലക്കാട് പിഎംജിഎച്ച്എസ്എസ്, മുണ്ടൂർ എച്ച്എസ്എസ്, കല്ലടി എച്ച്എസ്എസ്, കോട്ടോപ്പാടം ജിഎച്ച്എസ്എസ്, തച്ചമ്പാറ ഡിബിഎച്ച്എസ്എസ്, അഗളി ജിഎച്ച്എസ്എസ്, നെന്മാറ ജിജിഎച്ച്എസ്എസ്, ചിറ്റൂർ ജിബിഎച്ച്എസ്എസ്, കണ്ണാടി എച്ച്എസ്എസ്, ആലത്തൂർ ജിജിഎച്ച്എസ്, ചെർപ്പുളശേരി ജിവിഎച്ച്എസ്എസ് എന്നീ കേന്ദ്രങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. കൂടാതെ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ സഹകരണത്തോടെ കഴിഞ്ഞ വർഷം പാലക്കാട് കെഎഫ്‌ബി സെന്റർ, മലമ്പുഴ, കുഴൽമന്ദം, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം എന്നിവിടങ്ങളിൽ കാഴ്‌ച പരിമിതിയുള്ളവർക്ക് ബ്രെയിൽ സാക്ഷരതാ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. നൂറ്റമ്പതോളം സാക്ഷരതാ പ്രേരക്‌മാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത്. ചൊവ്വാഴ്‌ച തുല്യതാ രജിസ്‌ട്രേഷനും അട്ടപ്പാടി കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നടക്കുന്ന ഉല്ലാസ് പദ്ധതി രജിസ്‌ട്രേഷനും ആരംഭിക്കും. 11നാണ് ദീപ്തി ബ്രെയിൽ സാക്ഷരതാ ക്ലാസുകളുടെ രണ്ടാം ബാച്ച് ഉദ്ഘാടനം. അതിഥിത്തൊഴിലാളികള്‍ക്കുള്ള ചങ്ങാതി ക്ലാസുകളുടെ ഉദ്ഘാടനവും നവചേതന പദ്ധതി സര്‍വേയും 13, 14 തീയതികളിലുണ്ടാകും.









0 comments