പട്ടാന്പിയിൽ ഉയരും റവന്യൂ ടവർ
എല്ലാം ഒരു കുടക്കീഴിൽ

പട്ടാമ്പി റവന്യൂടവറിന്റെ രൂപരേഖ
പി കെ സുമേഷ്
Published on Apr 05, 2026, 02:05 AM | 1 min read
പട്ടാമ്പി
താലൂക്കിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളുടെയും സേവനം ഒരിടത്ത് ലഭ്യമാക്കാൻ ലക്ഷ്യമിട്ട് പട്ടാമ്പിയിൽ റവന്യൂ ടവർ ഒരുങ്ങുന്നു. പട്ടാമ്പി–പെരിന്തൽമണ്ണ റോഡിൽ മത്സ്യമാർക്കറ്റിനും നിർമാണം പൂർത്തിയാകുന്ന മുനിസിപ്പൽ ടവറിനുംസമീപം 50.54 സെന്റിൽ അഞ്ച് നിലകളിലായി 6,300.44 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിലാണ് കെട്ടിടം ഉയരുക. കിഫ്ബിയിൽനിന്ന് പദ്ധതിക്ക് 36.54 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സംസ്ഥാന ഭവന നിർമാണ ബോർഡിനാണ് നിർവഹണ ചുമതല. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. മുഹമ്മദ് മുഹസിൻ എംഎൽഎയുടെ ശ്രമഫലമായാണ് സർക്കാർ റവന്യൂ ടവറിന് അനുമതി നൽകിയത്. താഴേനിലയിൽ കാർ പാർക്കിങ്, ലിഫ്റ്റ് സൗകര്യം, ലോബി ഏരിയ, ശുചിമുറി, ഇലക്‌ട്രിക്കൽ റൂം, ലോട്ടറി ഓഫീസ്, ഇലക്ഷൻ സെക്ഷൻ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ് എന്നിവയുണ്ടാകും. ഒന്നാംനിലയിൽ സബ് രജിസ്ട്രാർ ഓഫീസ്, സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്, മൈനർ ഇറിഗേഷൻ ഓഫീസ്, ക്ഷീര വികസന ഓഫീസ് എന്നിവയാണ്. രണ്ടാം നിലയിൽ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, എസ്ജിഎസ്ടി ഓഫീസ്, താലൂക്ക് സപ്ലെെ ഓഫീസ്, താലൂക്ക് ഇൻഡസ്ട്രിയൽ ഓഫീസ്. മൂന്നാംനിലയിൽ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്. നാലാം നിലയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഫുഡ് സേഫ്റ്റി ഓഫീസ്, റീ- സർവേ ഓഫീസ്, കോൺഫറൻസ് റൂം എന്നിവയും അഞ്ചാം നിലയിൽ വാട്ടർ അതോറിറ്റി ഓഫീസ്, എക്‌സൈസ് റേഞ്ച് ഓഫീസ്, ഐസിഡിഎസ് ഓഫീസ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. റ വന്യൂ ടവർ യാഥാർഥ്യമാകുന്നതോടെ സർക്കാർ സേവനത്തിന് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകും.










0 comments