ഭരണത്തിനെതിരെ ലീഗിൽ അമർഷം പുകയുന്നു
യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിൽ സർക്കാരിനെതിരെ പ്രമേയം

സ്വന്തം ലേഖകൻ
പാലക്കാട്
യുഡിഎഫ് സർക്കാരിനെതിരെ പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം. മണ്ണാർക്കാട് നടന്ന ജില്ലാ സമ്മേളനത്തിലാണ് കടുത്ത വിർമശനം. കോഴ നൽകിയവർക്ക് പ്ലസ് ടു അധികബാച്ച് അനുവദിച്ചതിലും മന്ത്രിയുടെ സ്റ്റാഫ് ആക്കിയതിലും പ്രതിഷേധിച്ച് ലീഗിൽനിന്ന് തൃത്താല മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 15 പേർ രാജിവച്ചതിനുപിന്നാലെയാണ് പുതിയ സംഭവം. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് യൂത്തിന്റെ ഒരു പ്രമേയം. വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ സൽപ്പേരിന് കളങ്കമേൽപ്പിച്ചു. പ്രശ്നത്തിന്റെ കാരണമല്ല ജനങ്ങൾക്ക് അറിയേണ്ടത്. പരിഹാരമാണ് വേണ്ടത്. പുതിയ ശ്രോതസ്സുകൾ കണ്ടെത്തണമെന്നും ബദൽ മാർഗങ്ങൾ തേടണമെന്നും പ്രമേയം പറയുന്നു. ഇടയ്ക്കിടെയുള്ള പവർകട്ടിന്റെ ഉത്തരവാദിത്വം എൽഡിഎഫ് സർക്കാരിന്റെ തലയിലിടാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് മുന്നണിയിലെതന്നെ പ്രബല സംഘടനയായ മുസ്ലിംലീഗിന്റെ യുവജന വിഭാഗം കടുത്ത വിർമശനവുമായി രംഗത്തെത്തിയത്. മന്ത്രി കെ എം ഷാജിയെ ലക്ഷ്യമിട്ട് " ജനപ്രതിനിധികൾ ജാഗ്രത പാലിക്കണം' എന്ന പ്രമേയവും അവതരിപ്പിച്ചു. ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണം. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും പിന്തുണ നൽകുമെന്നും പ്രമേയം പറയുന്നു. മുസ്ലിംലീഗ് തൃത്താല മണ്ഡലം കമ്മിറ്റിയിൽനിന്ന് ഭാരവാഹികൾ ഉൾപ്പെടെ 15 പേർ രാജിവച്ച സംഭവം പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ജനങ്ങളുടെ താൽപ്പര്യമെന്നതിനുപരി അധികാരം സംബന്ധിച്ച പടലപ്പിണക്കമാണ് പ്രമേയത്തിന് പിന്നിലെന്നും സൂചനയുണ്ട്.









0 comments