ad
Deshabhimani

മഴ കുറയുന്നു, 
കർഷകർ ആശങ്കയിൽ

ചിറ്റൂർ പൊൽപ്പുള്ളിയിൽ നെൽകൃഷിക്ക് വെള്ളം ശേഖരിക്കുന്ന കുളം വറ്റിയ നിലയിൽ. സാധാരണ ജൂണിൽ കുളം നിറയാറുണ്ട്
avatar
സ്വന്തം ലേഖകൻ

Published on Jul 02, 2026, 02:00 AM | 1 min read

പാലക്കാട്‌

ജില്ലയിൽ വരുംദിവസങ്ങളിൽ മഴയുടെ തീവ്രത ഗണ്യമായി കുറയുമെന്ന്‌ കാലാവസ്ഥാ റിപ്പോർട്ട്‌. അടുത്ത മൂന്നുദിവസങ്ങളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ഇല്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നതോടെ ജില്ലയിൽ മഴ കുറയുമെന്ന്‌ ഉറപ്പായി. കാലവർഷം ആരംഭിച്ച്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതീക്ഷിച്ച മഴ ലഭിക്കാത്ത സാഹചര്യത്തിൽ കൃഷിക്കാരുൾപ്പെടെ ആശങ്കയിലാണ്‌. പാടശേഖരങ്ങളിൽ കൃഷിപ്പണികൾ സജീവമായ ഘട്ടത്തിലാണ് ഇ‍ൗ തിരിച്ചടി. കഴിഞ്ഞ കുറേ വർഷങ്ങളായി ജില്ലയിൽ മഴയെ ആശ്രയിച്ചുള്ള ഒറ്റ വിള നെൽകൃഷി മാത്രം നടത്തുന്നവർ വളരെയേറെയുണ്ട്. ഇവരിൽ കൃഷിയിറക്കിയവരും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കൃഷിയിറക്കാൻ കാത്തിരിക്കുന്നവരുമുണ്ട്‌. ഇവരുടെയെല്ലാം പ്രതീക്ഷകൾ അസ്തമിച്ച അവസ്ഥയാണ്‌. മഴ കുറയുന്നത്‌ നെൽകൃഷിയെ മാത്രമല്ല, ചിറ്റൂർ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിലെ പച്ചക്കറി, കരിമ്പ്, നാളികേര കൃഷികളെയും പ്രതികൂലമായി ബാധിക്കും. ഡാമുകളിലും മറ്റ് ജലാശയങ്ങളിലും നിലവിൽ ജലനിരപ്പ് താഴുന്നത് കൃഷിക്കാവശ്യമായ ജലസേചനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ഭാരതപ്പുഴയടക്കമുള്ള പ്രധാന ജലസ്രോതസ്സുകളിലെ ഒഴുക്ക് കുറഞ്ഞതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ കുടിവെള്ള പദ്ധതികൾ സ്തംഭനാവസ്ഥയിലേക്ക്‌ നീങ്ങുകയാണ്‌. ഭൂഗർഭ ജലനിരപ്പിലെ കുറവുകാരണം കിണറുകളിലും വെള്ളംകുറഞ്ഞു. ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. നിർമാണ മേഖല ഉൾപ്പെടെ വെള്ളം അത്യാവശ്യമായ ഇതര വ്യവസായങ്ങളെയും വരൾച്ച ബാധിക്കുമെന്ന ആശങ്കയിലാണ്‌ ജനങ്ങൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home