ശക്തമായ മഴ; ജില്ലയിൽ വ്യാപക നഷ്ടം

പാലക്കാട്
മഴ ശക്തിപ്രാപിച്ചതോടെ ജില്ലയിൽ വ്യാപക നാശനഷ്‌ടം. ജൂലൈ 30 മുതല്‍ ആഗസ്ത് മൂന്നുവരെയുള്ള കണക്കനുസരിച്ച് കെഎസ്‌ഇബിക്കുമാത്രം 59.11 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. അഞ്ച് ഹൈ ടെന്‍ഷന്‍ പോളുകള്‍ക്കും 87 ലോ ടെന്‍ഷന്‍ പോളുകള്‍ക്കും കേട് സംഭവിച്ചു. രണ്ടിടങ്ങളിൽ എച്ച്ടി ലൈനും 243 ഇടങ്ങളില്‍ എല്‍ടി ലൈനും പൊട്ടിവീണു. കാര്‍ഷിക മേഖലയിലും കാലവർഷം വലിയ നാശനഷ്ടമാണുണ്ടാക്കിയത്. അയിലൂരില്‍ രണ്ട് തെങ്ങും ചളവറയില്‍ 0.1 ഹെക്ടര്‍ കിഴങ്ങുവര്‍ഗ വിളകളും ഉള്‍പ്പെടെ 0.14 ഹെക്ടറിലെ കൃഷി നശിച്ചു. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമാട്ടി മീനാക്ഷിപുരം നന്ദിയോട്ടില്‍ ഒരു കാലിത്തൊഴുത്ത് പൂര്‍ണമായും തകര്‍ന്നു. നാല് വീടുകള്‍ പൂര്‍ണമായും 45 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞദിവസമാത്രം പെരുവെമ്പ്, കൊടുമ്പ് വില്ലേജുകളില്‍ ഓരോ വീടുകള്‍ വീതം പൂര്‍ണമായി തകര്‍ന്നു. അകത്തേത്തറ, മലമ്പുഴ, അലനല്ലൂര്‍, തച്ചനാട്ടുകര, അമ്പലപ്പാറ, ചെര്‍പ്പുളശേരി, തൃത്താല, കുത്തനൂര്‍, പെരിങ്ങോട്ടുകുറുശി, മംഗലംഡാം, തിരുവേഗപ്പുറ തുടങ്ങിയ വില്ലേജുകളിലായി 14 വീടകൾ ഭാഗികമായും തകർന്നു.










0 comments