തുടർച്ചയില്ലാതെ മഴ; നിരാശയോടെ കര്‍ഷകര്‍


സ്വന്തം ലേഖകൻ
Published on Jul 06, 2026, 12:19 AM | 1 min read
പാലക്കാട്
മൺസൂണിൽ മറ്റ് ജില്ലകളിൽ ആവശ്യത്തിന് മഴ ലഭിക്കുമ്പോഴും ജില്ലയിൽ ഇടവിട്ട് മാത്രം മഴ. ജൂലൈയിൽ അഞ്ച് ദിവസത്തിൽ 372.3 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇൗ ദിവസങ്ങൾ സാധാരണയായി 552.1 മില്ലിമീറ്റർ മഴയാണ് ജില്ലയ്‌ക്ക് ആവശ്യം. 33 ശതമാനം കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിലും മഴ പ്രതീക്ഷ തെറ്റിച്ചു. 354.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 237.9 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ആദ്യ ആഴ്‌ചയിൽ മഴ തുടർച്ചയായി പെയ്തെങ്കിലും പിന്നീട് കുറയുകയായിരുന്നു. മഴ കുറഞ്ഞതോടെ അണക്കെട്ടുകളിലും വെള്ളം ശേഖരിക്കാനായില്ല. വേനലിൽ ജില്ലയിലെ മുഴുവൻ അണക്കെട്ടുകളിലും വെള്ളം താഴ്‌ന്നിരുന്നു. കഴിഞ്ഞ വർഷങ്ങളിലെപ്പോലെ മെയ് അവസാനത്തോടെ ആവശ്യത്തിന് വെള്ളം നിറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മഴക്കാലത്ത് ജൂലൈയിൽ മുഴുവൻ അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിരുന്നു. നിലവിൽ കുടിവെള്ള ആവശ്യത്തിന് മാത്രമാണ് വെള്ളം പുറത്ത് വിടുന്നത്. മഴ ദൗർലഭ്യത്തിനൊപ്പം അണക്കെട്ടുകളിൽനിന്നുള്ള കനാൽ വെള്ളവും നിലച്ചതോടെ നെൽകൃഷി അവതാളത്തിലായി. ആവശ്യത്തിന് മഴ ലഭിച്ചാൽ മാത്രമേ കൃഷി നല്ല രീതിയിൽ മുന്നോട്ടുപോകൂ. അതേസമയം ജില്ലയിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തിങ്കൾ, ബുധൻ ദിവസങ്ങളിൽ മഞ്ഞ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.










0 comments