സിഐടിയു റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചു
റെയിൽവേ ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തണം

പാലക്കാട്
റെയിൽവേ ജീവനക്കാരുടെ 2025–-26 വർഷത്തെ ബോണസ് കണക്കാക്കാനുള്ള ശമ്പള പരിധി 28,440 രൂപയായി ഉയർത്തണമെന്നും ബോണസ് ദിവസങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചു. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉത്സവസീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ റെയിൽവേ ജീവനക്കാരുടെ ബോണസിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്നും പറഞ്ഞു. 2025-– 26ൽ റെയിൽവേയുടെ ഉൽപ്പാദന ക്ഷമതയിലും യാത്ര–- ചരക്കുഗതാഗത വരുമാനത്തിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ, ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജോലിഭാരവും പ്രവൃത്തിസമയവും വർധിച്ചിട്ടും പ്രതിശീർഷ ഉൽപ്പാദനക്ഷമത ഉയർത്താൻ തൊഴിലാളികൾക്ക് സാധിച്ചു. നിലവിൽ പരമാവധി 7,000 രൂപ എന്ന പരിധിയിൽ (സീലിങ് ലിമിറ്റ്) നിശ്ചയിച്ചാണ് ബോണസ് നൽകുന്നത്. 2013-–14 മുതൽ മാറ്റമില്ലാതെ തുടരുന്ന മാനദണ്ഡമാണിത്. ഇത് തികച്ചും അപ്രാപ്യമാണ്. കേന്ദ്ര ചട്ടങ്ങൾ പ്രകാരം, ബോണസ് കണക്കാക്കാനുള്ള പരിധി 7,000 രൂപയോ കേന്ദ്ര സർക്കാർ നിശ്ചയിച്ച മിനിമം വേതനമോ ഇതിൽ ഏതാണോ ഉയർന്നത് അതായിരിക്കണം. നിലവിലെ നിരക്കനുസരിച്ച് അടിസ്ഥാന ശമ്പളമായ 18,000 രൂപയും 58 ശതമാനം ഡിഎയും ഉൾപ്പെടെ കുറഞ്ഞവേതനം 28,440 രൂപയാണ്. അതിനാൽ ബോണസ് പരിധി 28,440 രൂപയിൽ കുറയാതെ നിശ്ചയിക്കണമെന്നും നിലവിലെ 78 ദിവസത്തെ ബോണസ് എന്നതിലും വർധന വരുത്തണമെന്നും സിഐടിയു ആവശ്യപ്പെട്ടു. ദക്ഷിൺ റെയിൽവേ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ തുടങ്ങി വിവിധ റെയിൽവേ സംഘടനകളും ഇതേ ആവശ്യവുമായി റെയിൽവേയെ സമീപിച്ചിട്ടുണ്ട്.









0 comments