റെയിൽവേ ഡിവിഷൻ വിഭജനം
പ്രക്ഷോഭക്കടലാകാൻ നാട്

പാലക്കാട്
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖല മൈസൂരുവിൽ ലയിപ്പിക്കാനുള്ള കേന്ദ്രനടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി നാട്. വെള്ളി രാവിലെ പത്തിന് സിപിഐ എം നേതൃത്വത്തിൽ പാലക്കാട് ജങ്ഷൻ(ഒലവക്കോട്), ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ ആയിരങ്ങൾ അണിനിരക്കുന്ന പ്രതിഷേധ കൂട്ടായ്മ നടക്കും. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തെളിവാണ് പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം. വലിയ വരുമാനം നേടിക്കൊടുക്കുന്ന മംഗളൂരുഭാഗം അടർത്തിമാറ്റുന്നത് പാലക്കാട് ഡിവിഷന്റെ നിലനിൽപ്പിനെ ബാധിക്കും. ഡിവിഷന്റെ വികസന സാധ്യതകളും ഇല്ലാതാകും. കേരളത്തിന്റെയും മലബാർ മേഖലയുടെയും ദീർഘകാല താൽപ്പര്യങ്ങളെയും ബാധിക്കും. 2007-ൽ സേലം ഡിവിഷൻ രൂപീകരിച്ചശേഷം ഏകദേശം 1,247.58 റൂട്ട് കിലോമീറ്റർ ഉണ്ടായിരുന്ന പാലക്കാട് ഡിവിഷന്റെ അധികാരപരിധി ഘട്ടംഘട്ടമായി കുറഞ്ഞു. പുതിയ വിഭജനം പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കും. ഇതിനെതിരെയാണ് സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്. പാലക്കാട് ഒലവക്കോട് നടക്കുന്ന പ്രതിഷേധം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും ഷൊർണൂരിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉദ്ഘാടനം ചെയ്യും. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ചെർപ്പുളശേരി ഏരിയ കമ്മിറ്റികളിലെ പ്രവർത്തകരാണ് ഷൊർണൂരിൽ പങ്കെടുക്കുക, മുണ്ടൂർ, പുതുശേരി, പാലക്കാട്, ചിറ്റൂർ, കുഴൽമന്ദം, മണ്ണാർക്കാട്, അട്ടപ്പാടി, കൊല്ലങ്കോട്, വടക്കഞ്ചേരി, ആലത്തൂർ, ശ്രീകൃഷ്ണപുരം ഏരിയകളിലെ പ്രവർത്തകർ ഒലവക്കോട് നടക്കുന്ന പ്രതിഷേധത്തിലും പങ്കെടുക്കും. പ്രതിഷേധ കൂട്ടായ്മയുടെ പ്രചാരണത്തിന്റെ ഭാഗമായി ബ്രാഞ്ച് കേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു. സ്ക്വാഡ് പ്രവർത്തനങ്ങളും നടന്നു.









0 comments