Deshabhimani

സംഭരണം തുടങ്ങിയില്ല

കണ്ണീരായി പാടങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 09, 2026, 02:00 AM | 1 min read


പാലക്കാട്‌

ഇടവിട്ടുള്ള മഴ, കർഷകരുടെ നെഞ്ചിൽ കനൽ കോരിയിടുകയാണ്‌. കൊയ്‌തെടുത്ത നെല്ല്‌ എന്ത്‌ ചെയ്യണമെന്ന ആശങ്കയിലാണ്‌ കർഷകർ. ഒന്നാംവിള കൊയ്‌ത്ത്‌ തുടങ്ങിയിട്ട്‌ നെല്ല്‌ സംഭരണത്തിന്‌ നടപടി തുടങ്ങാത്തതാണ് പ്രതിസന്ധിക്ക്‌ കാരണം. സംഭരണവിലപോലും പ്രഖ്യാപിക്കാതെ ചുരുങ്ങിയ വിലയ്‌ക്ക്‌ സ്വകാര്യ മില്ലുകാർക്ക്‌ കർഷകരെ കൊള്ളയടിക്കാൻ അവസരമൊരുക്കുകയാണ്‌ സംസ്ഥാന സർക്കാർ. പ്രതിഷേധം ശക്തമായതോടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ മില്ലുകളെ സംഭരണത്തിൽ ഉൾപ്പെടുത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്‌ പിന്നിൽ അഴിമതിയാണെന്ന്‌ ആക്ഷേപം ഉയർന്നതോടെ, ജില്ലയിലെ ഒരു മില്ലിനെ ഉപയോഗിച്ച്‌ സംഭരണം ആരംഭിക്കാനാണ്‌ ശ്രമിക്കുന്നത്‌. കണ്ണമ്പ്ര, വടക്കഞ്ചേരി, ആലത്തൂർ, കോട്ടായി, അയിലൂർ, നെന്മാറ, എലവഞ്ചേരി പ്രദേശങ്ങളിൽ കഴിഞ്ഞമാസം തന്നെ കൊയ്‌ത്ത്‌ തുടങ്ങിയിരുന്നു. നിലവിൽ കൊയ്ത്ത്‌ വ്യാപകമാണ്‌. ഇടയ്‌ക്കിടെ പെയ്യുന്ന മഴ നെല്ലുണക്കാൻ തടസ്സമാകുന്നു. നെല്ല് കൃത്യമായി ഉണങ്ങിയില്ലെങ്കിൽ ഈർപ്പംകൂടി ഗുണനിലവാരം കുറഞ്ഞ്‌ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. ഉണക്കി സൂക്ഷിക്കാൻ സ‍ൗകര്യമില്ലാത്തവർ കിട്ടിയ വിലയ്‌ക്ക്‌ സ്വകാര്യ മില്ലുകൾക്ക്‌ വിൽക്കേണ്ട ഗതികേടിലാണ്‌. ‍അവസരം മുതലാക്കുന്ന മില്ലുടമകൾ പതിവിലും വിലകുറച്ചാണ്‌ നെല്ല്‌ ശേഖരിക്കുന്നത്‌. കൊയ്ത്ത്‌ കഴിയുന്ന സ്ഥലങ്ങളിൽ എജന്റുമാർ കർഷകനെ സമീപിക്കുന്നുണ്ട്‌. 23–26രൂപ നൽകിയാണ്‌ കർഷകരിൽനിന്ന്‌ സ്വകാര്യമില്ലുകൾ നെല്ലെടുക്കുന്നത്‌. കഴിഞ്ഞവർഷം കിലോയ്‌ക്ക്‌ 30 രൂപ നിരക്കിലാണ്‌ സപ്ലൈകോ നെല്ല്‌ സംഭരിച്ചത്‌. ഇതിനുശേഷം കേന്ദ്രം താങ്ങുവില 72 പൈസ വർധിപ്പിച്ചിരുന്നു. വർധിപ്പിച്ച തുകയടക്കം കർഷകർക്ക്‌ നൽകിയാൽ ചുരുങ്ങിയത്‌ 30.72 രൂപ ലഭിക്കണം. ഇത്‌ ഇല്ലാതാക്കി മില്ലുകൾക്ക്‌ ലാഭമുണ്ടാക്കാനാണ്‌ സർക്കാർശ്രമം. 36,000 കർഷകരാണ് ഒന്നാംവിള നെല്ല് സംഭരണത്തിന്‌ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home