സ്വകാര്യവൽക്കരണം
ജില്ലയിലെ ആറാമത്തെ തപാൽ ഓഫീസും പൂട്ടുന്നു

ചിറ്റൂരിലെ തപാൽ ഓഫീസ്

സ്വന്തം ലേഖകൻ
Published on Oct 07, 2026, 01:05 AM | 1 min read
പാലക്കാട്
തപാൽ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭഗാമായി ജില്ലയിലെ ആറാമത്തെ തപാൽ ഓഫീസും പൂട്ടുന്നു. 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചിറ്റൂർ കോളേജ് ഓഫീസാണ് പൂട്ടുക. ഇത് സംബന്ധിച്ച് കോഴിക്കോട് റീജണൽ ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസിന്റെ ഉത്തരവ് ഇറങ്ങി. 17ന് ഓഫീസ് പൂട്ടണമെന്നാണ് പറയുന്നത്. ഓഫീസിനുചുറ്റുമുള്ള അഞ്ച് കിലോമീറ്റർ പരിധിയിലെ പോസ്റ്റൽ സേവനങ്ങൾ ഇതോടെ അവതാളത്തിലാകും. ഇവിടെയുള്ള മൂന്ന് മഹിളാ പ്രധാൻ ഏജന്റുമാരും പ്രതിസന്ധിയിലാവും. പാലക്കാട് ഫോർട്ട്, അംബികാപുരം, പാലക്കാട് കോളേജ്, ശേഖരീപുരം, തെക്കേഗ്രാമം എന്നീ ഓഫീസുകൾ നേരത്തെ പൂട്ടിയിരുന്നു. ഇവിടങ്ങളിലെല്ലാം ജനങ്ങളിലും ജീവനക്കാരിലും പ്രതിഷേധം നിലനിൽക്കെയാണ് ആറാമത്തെ ഓഫീസും പൂട്ടുന്നത്. പോസ്റ്റൽ ആക്ട് ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന റേഷണലൈസേഷൻ നയത്തിന്റെ ഭാഗമായാണ് അടച്ചുപൂട്ടൽ. തപാൽ ഓഫീസുകൾ ഇല്ലാത്തിടത്ത് തുടങ്ങുകയും കൂടുതൽപേർക്ക് സേവനം ലഭ്യമാക്കുകയുമാണ് റേഷണലൈസേഷന്റെ ലക്ഷ്യമെന്നാണ് കേന്ദ്രവാദം. നഗരങ്ങളിൽ രണ്ട് കിലോമീറ്റർ ദൂരപരിധിക്കകത്തും ഗ്രാമത്തിൽ അഞ്ച് കിലോമീറ്റർ ദൂര പരിധിക്കകത്തും ഒന്നിൽക്കൂടുതൽ ഓഫീസുകൾ ഉണ്ടെങ്കിൽ അവ ഇല്ലാത്തിടങ്ങളിലേക്ക് മാറ്റുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, തപാൽ മേഖല സ്വകാര്യവൽക്കരിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. തപാൽ ഓഫീസ് അടച്ചുപൂട്ടിയാൽ രജിസ്‌ട്രേഡ്, സ്‌പീഡ് പോസ്റ്റ്, പാർസൽ ഉൾപ്പടെയുള്ള താപാൽ ഉരുപ്പടികൾ കുറഞ്ഞ ചെലവിൽ ബുക്ക് ചെയ്യാനുള്ള ഉപഭോക്താക്കളുടെ സൗകര്യം ഇല്ലാതാകും. പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകൾ തുടങ്ങിയ സേവനങ്ങളും അവതാളത്തിലാകും. ഇൗ സേവനങ്ങൾ ഉപഭോക്താവിന് നേരത്തെ വീടിന് സമീപത്ത് ലഭ്യമായിരുന്നത് ഇല്ലാതാകും. കിലോമീറ്ററുകൾക്കപ്പുറത്തുള്ള മറ്റ് ഓഫീസുകളെ ആശ്രയിക്കേണ്ട അവസ്ഥവരും. ഇത് സാധാണക്കാരെ തപാൽ മേഖലയിൽനിന്ന് അകറ്റും.








0 comments