പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ള നീക്കം പിൻവലിക്കണം: കെ രാധാകൃഷ്‌ണൻ എംപി

പാലക്കാട്
പാലക്കാട് പോസ്റ്റൽ ഡിവിഷനുകീഴിലെ പോസ്റ്റ് ഓഫീസുകൾ ലയനത്തിന്റെ പേരിൽ പൂട്ടാനുള്ള നീക്കം പിൻവലിക്കണമെന്ന് കെ രാധാകൃഷ്‌ണൻ എംപി ആവശ്യപ്പെട്ടു. ചിറ്റൂർ–-തത്തമംഗലം നഗരസഭയിലെ തെക്കേഗ്രാമം പോസ്റ്റ് ഓഫീസ് ഉൾപ്പെടെ പൂട്ടാനുള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോസ്റ്റ്മാസ്റ്റർ ജനറലിന് കത്തയച്ചു. റാഷണലൈസേഷന്റെ പേരിൽ ജനകീയ സേവനങ്ങളെ ഇല്ലാതാക്കാനാണ് പോസ്റ്റൽ വകുപ്പ് ശ്രമിക്കുന്നത്. ഇതിനോടകം ഡിവിഷനിലെ മൂന്ന് ഓഫീസുകൾ ലയിപ്പിച്ചു. വരുംദിവസങ്ങളിൽ പത്തോളം ഓഫീസുകൾകൂടി നിർത്തലാക്കാൻ നീക്കം നടക്കുന്നത് ഗൗരവകരമാണ്. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയെ തകർക്കുന്ന ഇത്തരം നടപടികൾ സാധാരണക്കാരായ ജനങ്ങളെയും മുതിർന്ന പൗരന്മാരെയുമാണ് ദോഷകരമായി ബാധിക്കുന്നത്. നഗരസഭാ പരിധിയിലുള്ള തെക്കേഗ്രാമം പോസ്റ്റ് ഓഫീസ് പൂട്ടുന്നത് പ്രദേശത്തെ ആയിരക്കണക്കിന് ആളുകളുടെ നിത്യജീവിതത്തെ ബാധിക്കും. പെൻഷൻ ഗുണഭോക്താക്കൾക്കും ചെറുകിട സമ്പാദ്യക്കാർക്കും ഇത് വലിയ പ്രഹരമാണ്. ആധാർ, പാസ്‌പോർട്ട്, ലൈസൻസ് തുടങ്ങിയ സുപ്രധാന രേഖകളിൽ വിലാസമായി ഉപയോഗിക്കുന്ന പോസ്റ്റ് ഓഫീസുകൾ ഇല്ലാതാകുന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കും. പിൻകോഡുകളിൽ വരുന്ന മാറ്റം വലിയ ആശയക്കുഴപ്പത്തിന് വഴിതെളിക്കും. ഡിവിഷനിലെ വലിയൊരു ഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗത്തെപ്പോലും അറിയിക്കാതെയാണ് ഇത്തരം നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും വാർത്താ വിനിമയ മന്ത്രിയുടെ മുന്നിൽ വിഷയം അവതരിപ്പിക്കുമെന്നും എംപി അറിയിച്ചു.










0 comments