ഇടിവളകൊണ്ട് മര്‍ദനം: ഡിവൈഎസ്‍പി അന്വേഷിക്കും

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ചിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിനെ പൊലീസ് വലിച്ചിഴയ്ക്കുന്നു
പാലക്കാട്
എസ്‌എഫ്‌ഐ മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികളെ ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ച എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ചിറ്റിലഞ്ചേരി സ്വദേശി ഷഫാദിനെതിരെ നടപടിക്ക് സാധ്യത. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥർ മതചിഹ്നങ്ങളോ ആഭരണങ്ങളോ ഇടിവളപോലുള്ള അക്രമ സാമഗ്രികളോ ധരിക്കുന്നത് സർവീസ് ചട്ടങ്ങൾക്കും പൊലീസ് മാന്വലിനും വിരുദ്ധമാണ്. ലാത്തി ഉപയോഗിക്കുമ്പോൾപോലും മുട്ടിന് താഴെമാത്രമേ പ്രയോഗിക്കാവൂ എന്ന മാന്വൽ നിർദേശം നിലനിൽക്കെയാണ് ഇടിവളപോലെയുള്ള വസ്തു ഉപയോഗിച്ച് ഉദ്യോഗസ്ഥൻ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ പാലക്കാട് എസ്‌പി റിപ്പോര്‍ട്ട് തേടുകയും വകുപ്പുതല അന്വേഷണത്തിന് ഡിവൈഎസ്‍പിയോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് അച്ചടക്കലംഘനം നടന്നെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട് ലഭിച്ചാലുടൻ നടപടി ഉണ്ടായേക്കും. പൊലീസ് വലയം ഭേദിച്ച് റെയിൽവേ സ്‌റ്റേഷൻ പരിസരത്തേക്ക് വിദ്യാർഥികൾ കടന്നതോടെയാണ് അതിക്രമം തുടങ്ങിയത്. വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് വലിച്ചിഴച്ചു. ചില പൊലീസുകാർ ലാത്തി ഉപയോഗിച്ച് വിദ്യാർഥികളെ നേരിടുന്നതിനിടെയാണ് എആർ ക്യാന്പിൽനിന്ന് ഡ്യൂട്ടിക്കെത്തിയ ചിറ്റിലഞ്ചേരി സ്വദേശിയായ സിപിഒ ഷഫാദ് ഇടിവളയുമായി വിദ്യാർഥികളെ നേരിട്ടത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഒരു ദാക്ഷിണ്യവുമില്ലാതെയാണ് എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ ഷഫാദിനെപോലുള്ളവരെ ഉൾപ്പെടുത്തി വിദ്യാർഥികളെ തല്ലിയൊതുക്കാനായിരുന്നു പൊലീസ് പദ്ധതി. ഇതിന്റെ ഭാഗമായാണ് സ്‌റ്റേഷൻ പരിസരത്ത് സമാധാനപരമായി സമരം പിരിയാമെന്ന എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെയുള്ളവരുടെ അഭ്യർഥന പൊലീസ് നിഷേധിക്കാൻ കാരണം.









0 comments