Deshabhimani

മുട്ടുമടക്കി അധികൃതർ

ഹ‍ൗസ്‌ സർജന്മാരുടെ 
ആവശ്യങ്ങൾ അംഗീകരിച്ചു

ഹ‍ൗസ്‌ സർജന്മാരുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌

ഹ‍ൗസ്‌ സർജന്മാരുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌

വെബ് ഡെസ്ക്

Published on Sep 06, 2026, 12:43 AM | 2 min read

പാലക്കാട്‌

ഗവ. മെഡിക്കൽ കോളേജിലെ ഹ‍ൗസ്‌ സർജന്മാരുടെ സമരത്തിന്‌ മുന്നിൽ മുട്ടുമടക്കി മെഡിക്കൽ കോളേജ്‌ അധികൃതർ. മരുന്നും സ‍ൗകര്യങ്ങളും ഒരുക്കണമെന്നാവശ്യപ്പെട്ട്‌ തുടരുന്ന സമരം അഞ്ചുദിവസം പിന്നിട്ടമ്പോൾ ഹ‍ൗസ്‌ സർജൻ അസോസിയേഷന്റെ ആവശ്യങ്ങൾ മെഡിക്കൽ കോളേജ്‌ അധികൃതർ അംഗീകരിച്ചു. ഇതുസംബന്ധിച്ച്‌ മെഡിക്കൽ കോളേജ്‌ അധികൃതർ പത്രക്കുറിപ്പ്‌ പുറത്തിറക്കി. ഉത്തരവ്‌ വിശദമായി പരിശോധിച്ച്‌ സമരം തുടരുന്നത്‌ സംബന്ധിച്ച്‌ ഞായറാഴ്‌ച നടക്കുന്ന വാർത്താസമ്മേളനത്തിൽ അറിയിക്കാമെന്ന്‌ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമരത്തിന്റെ അഞ്ചാം ദിനമാണ്‌ വകുപ്പ്‌ മന്ത്രി വിഷയത്തിൽ ഇടപ്പെട്ടത്‌. മൂന്നാംദിവസം നടത്തിയ ചർച്ചയിൽ ഡയറക്‌ടർ ഒ കെ മണി ഹ‍ൗസ്‌ സർജൻമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന്‌ പറഞ്ഞു. എന്നാൽ, ഒ‍ൗദ്യോഗിക കുറിപ്പ്‌ ഇറക്കാൻ അധികൃതർ തയ്യറായിരുന്നില്ല. ഇതോടെ വിദ്യാർഥികൾ സമരം കടുപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലേക്കാവശ്യമായ മരുന്നുകളെത്തിക്കുക, എക്‌സ്‌റേ, ഇസിജി, ഫാർമസി എന്നിവിടങ്ങളിൽ മൂന്ന്‌ ജീവനക്കാരെ കൂടി നിയമിച്ച്‌ പ്രവർത്തനസമയം വർധിപ്പിക്കുക, എക്‌സ്‌റേ മെഷിൻ പ്രവർത്തനക്ഷമമാക്കുക, രാജിക്കത്ത്‌ നൽകിയ ആശുപത്രി അഡ്‌മിനിസ്ട്രേഷൻ അധികാരികളുടെ കത്തുകൾ സർക്കാരിലേക്ക്‌ കൈമാറുക, അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നതിന് ഹ‍ൗസ്‌ സർജൻ അസോസിയേഷന്റെയും പിടിഎയുടെ പ്രതിനിധികൾക്കുള്ള മേൽനേട്ട സമിതി ര‍ൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ അംഗീകരിച്ചത്‌. സമരത്തിന്റെ അഞ്ചാംനാൾ മെഡിക്കൽ കോളേജിൽനിന്ന്‌ കലക്ടറേറ്റിലേക്ക്‌ ഹ‍ൗസ്‌ സർജൻമാർ മാർച്ച്‌ നടത്തി. ആശുപത്രിയിൽ ആവശ്യമായ മരുന്നും സജ്ജീകരണങ്ങളും ഇല്ലാത്തതിൽ പ്രതിഷേധിച്ച്‌ തുടങ്ങിയ സമരം ആളിക്കത്തുകയാണ്‌. മൂന്ന്‌ കിലോമീറ്റർ ദൂരം നടന്ന മാർച്ചിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. കലക്ടർക്കും എസ്‌സി, എസ്‌ടി വകുപ്പ്‌ ഓഫീസർക്കും നിവേദനം നൽകി. കഴിഞ്ഞ തിങ്കളാഴ്‌ച കോളേജിലെ അത്യാഹിത വിഭാഗത്തിന്‌ മുന്നിൽ സ്കൂട്ടർ കാറിലിടിച്ച്‌ രണ്ട്‌ ഹ‍ൗസ്‌സർജൻ വിദ്യാർഥികൾക്ക്‌ ഗുരുതര പരിക്കേറ്റിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും എക്‌സ്‌റേ സംവിധാനവും മരുന്നും ഇല്ലെന്ന്‌ പറഞ്ഞ്‌ തിരിച്ചയച്ചു. പിന്നീട്‌ സ്വകാര്യ ആശുപത്രിയിലാണ്‌ ശസ്‌ത്രക്രിയ നടന്നത്‌. ഇതേ തുടർന്നാണ്‌ ഹൗസ് സർജൻസ് അസോസിയേഷൻ അനിശ്ചിതകാല സമരം തുടങ്ങിയത്‌. എംബിബിഎസ്‌ വിദ്യാർഥികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രതിഷേധ മാർച്ചിൽ ഹ‍ൗസ്‌ സർജൻസ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. സി എം അഭിയ, സെക്രട്ടറി ഡോ. ഗ‍ൗതംകൃഷ്ണ, വൈസ്‌ പ്രസിഡന്റ്‌ ഡോ. സി വി അക്ഷയ്‌, ജോയിന്റ്‌ സെക്രട്ടറി ഡോ. എം കെ അഭിജിത്‌, ട്രഷറർ ഡോ. പി എം രോഷ്‌ന, ഡോ. ധനഞ്‌ജയ്‌, ഡോ. ഗോകുൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home