ad
Deshabhimani

പവർക്കട്ടില്ല

No power cut

സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി പല്ലശ്ശന തല്ലുമന്ദത്തെ പരമേശ്വരനിൽ നിന്ന് കർമസേനാംഗങ്ങൾ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്നു

avatar
സായൂജ്‌ ചന്ദ്രൻ

Published on Jan 11, 2026, 12:27 AM | 1 min read

പവർഫുള്ളാണ്‌ നാട്‌

പാലക്കാട്‌

"ചേട്ടാ.. നവകേരള സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി വന്നതാണ്‌.. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയാൻ' കർമസേനാംഗങ്ങളായ സിന്ധുവിന്റെയും ബിനുവിന്റെയും ചോദ്യം തീരുംമുമ്പെ പരമേശ്വരന്റെ മറുപടിയെത്തി "10 വർഷമായി പവർക്കട്ടില്ല'. തമാശ ഒറ്റവാക്കിൽ അവസാനിപ്പിച്ച്‌ പരമേശ്വരൻ മറുപടി തുടർന്നു. പല്ലശന തല്ലുമന്ദത്തെ വീടിനോടുചേർന്ന്‌ ചെണ്ടക്കോൽ നിർമാണമാണ്‌ ജോലി. മൂന്ന്‌ മാസം മുമ്പാണ്‌ 60 വയസ്‌ തികഞ്ഞത്‌. പെൻഷനുവേണ്ടി ഒരുദിവസംപോലും അലഞ്ഞില്ല. അപേക്ഷ നൽകി ഒരുമാസത്തിനുള്ളിൽ പെൻഷൻ കയ്യിലെത്തി. നമ്മുടെ സർക്കാരിൽ ജനങ്ങൾക്ക്‌ വിശ്വാസമുണ്ട്‌. തുക ഇനിയും കൂട്ടും. സർക്കാർ സേവനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മറുപടിയത്രയും. ഏറ്റവുമൊടുവിൽ ഒരു നിർദ്ദേശം. പല്ലശനയിൽനിന്ന്‌ തൃശൂർ ഭാഗത്തേക്ക്‌ ഒരു കെഎസ്‌ആർടിസി ബസ്‌ വേണം. ഉറപ്പായും അറിയിക്കാമെന്ന്‌ മറുപടിനൽകി കർമസേനാംഗങ്ങൾ വീട്ടിൽനിന്നിറങ്ങി. ചെന്നെത്തുന്ന വീടുകളിൽനിന്നെല്ലാം മികച്ച പ്രതികരണമാണ്‌ കർമസേനാംഗങ്ങൾക്ക്‌ ലഭിക്കുന്നത്‌. നവകേരള നിർമിതിക്ക്‌ ആവശ്യമായ നിരവധി നിർദേശങ്ങൾ ഇതിനോടകം ജില്ലയിൽനിന്ന്‌ ലഭിച്ചു. സർക്കാർ പദ്ധതികൾക്കുവേണ്ട പരിഷ്‌കാരങ്ങൾ, നാട്ടിലെ വികസന മുന്നേറ്റത്തിനാവശ്യമായ പുതുപുത്തൻ പദ്ധതികൾ ഇങ്ങനെ നീളുന്നു പൊതുജനങ്ങൾ പങ്കുവച്ച നിർദേശങ്ങൾ. സംസ്ഥാന സർക്കാർ 10 വർഷത്തിനുള്ളിൽ നടപ്പാക്കിയ വികസനങ്ങളെ അഭിനന്ദിക്കാനും വീട്ടുകാർ മറക്കുന്നില്ലെന്ന്‌ കർമസേനാംഗങ്ങൾ പറയുന്നു. എഴുതിയെടുക്കുന്ന കാര്യങ്ങൾ ക്രോഡീകരിച്ച്‌ ഓൺലൈനിലൂടെ സർക്കാർ സംവിധാനത്തിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്നതാണ്‌ രീതി. ജില്ലയിൽ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി വാർഡുകളിൽ 7,540 കർമസേന അംഗങ്ങളെയാണ്‌ പദ്ധതിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്‌. സ്‌ക്വാഡുകളുടെ മേൽനോട്ടത്തിനായി പ്രവർത്തിക്കുന്ന സമിതികളും സജീവമാണ്‌. 31ന്‌ മുമ്പ്‌ ജില്ലയിലെ സർവേ പൂർത്തിയാക്കാനാണ്‌ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home