ഇനിയില്ല പുഞ്ചിരി

ചിറ്റൂർ
എന്നും ചിരിച്ച മുഖത്തോടെയെത്തുന്ന സുഹാൻ അമ്പാട്ടുപാളയം റോയൽ നഴ്‌സറി സ്കൂളിലെ അധ്യാപകർക്ക് പ്രിയപ്പെട്ടവനാണ്. പഠിത്തത്തിലും കളിയിലും മിടുക്കൻ. ഹോംവർക്കുകളടക്കം അധ്യാപകരുടെ നിർദേശങ്ങളെ കൃത്യമായി പാലിക്കുന്നവൻ. 17 കുട്ടികളുള്ള യുകെജി ക്ലാസിലെ അധ്യാപിക ഗോപികയ്‌ക്ക് ഒരിക്കൽപോലും സുഹാനുനേരെ മുഖം കറുപ്പിക്കേണ്ടിവന്നിട്ടില്ല. മറിച്ച് സ്നേഹത്തിൽ പൊതിഞ്ഞായിരുന്നു ഇക്കാലമത്രയും കൂടെയുണ്ടായിരുന്നത്. മറ്റ് കുട്ടികളിൽനിന്ന് സംസാരശേഷി താരതമ്യേന കുറവാണ് സുഹാന്. സംസാരം മെച്ചപ്പെടുത്താൻ സ്കൂളിൽ പരിശീലനവും നൽകുന്നുണ്ട്. ഇക്കാരണത്താൽ ഇത്തവണ ഒന്നാം ക്ലാസിൽ ചേരേണ്ടിയിരുന്ന സുഹാൻ രക്ഷിതാക്കളുടെ താൽപ്പര്യത്തോടെ യുകെജിയിൽതന്നെ തുടർന്നു. സങ്കട വാർത്തയുടെ ഞെട്ടലിൽനിന്ന് അധ്യാപകരും കൂട്ടുകാരും മോചിതരായിട്ടില്ല. സുഹാന്റെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ പരിസരം കണ്ണീർക്കടലായി. അവസാനമായി പ്രിയപ്പെട്ട വിദ്യാർഥിക്ക് പുഷ്‌പങ്ങളർപ്പിക്കാൻ അധ്യാപകരെല്ലാവരും ഒത്തുകൂടി.










0 comments