Deshabhimani

ട്രഷറി വകുപ്പിൽ സ്ഥാനക്കയറ്റമില്ല

എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2026, 12:36 AM | 1 min read

പാലക്കാട്

ട്രഷറി വകുപ്പിലെ സ്ഥാനക്കയറ്റമില്ലാത്തതിൽ പ്രതിഷേധിച്ച്‌ കേരള എൻജിഒ യൂണിയൻ ജില്ലാ ട്രഷറിയിലേക്ക് പ്രകടനം നടത്തി. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റ് മൂന്ന് മാസം പിന്നിട്ടിട്ടും ഏപ്രിൽ മുതൽ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിൽ സ്ഥാനക്കയറ്റം നൽകാത്തതിലും ഭരണസ്തംഭനത്തിലും പ്രതിഷേധിച്ചാണ്‌ പ്രകടനം. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പ്രദീപ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ സജിത്, പ്രസിഡന്റ് കെ ബിന്ദു, എസ് ശ്രീദേവി, എൽ മുരളി എന്നിവർ സംസാരിച്ചു. വകുപ്പിലെ സുപ്രധാന തസ്തികയായ ഡെപ്യൂട്ടി ഡയറക്ടറുടെ നാലിൽ മൂന്ന് ഒഴിവുകളും രണ്ടുമാസമായി നികത്തിയിട്ടില്ല. നിലവിൽ ജില്ലാ ട്രഷറി ഓഫീസർ (4), അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ (1), സബ് ട്രഷറി ഓഫീസർ, സീനിയർ സൂപ്രണ്ട്, സ്റ്റാമ്പ് ഡിപ്പോ ഓഫീസർ (24), ജൂനിയർ സൂപ്രണ്ട് (13), സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റ് (4), സീനിയർ അക്കൗണ്ടന്റ് (18) എന്നിവയ്ക്ക് പുറമെ ജൂനിയർ അക്കൗണ്ടന്റ്, യുഡി ടൈപ്പിസ്റ്റ്, എൽഡി ടൈപ്പിസ്റ്റ്, ഒഎ തുടങ്ങിയവയാണ്‌ ഒഴിവുകൾ. സബ് ട്രഷറി ഓഫീസർമാരുടെ ഒഴിവുകൾ നികത്താത്തതിനാൽ ജൂനിയർ സൂപ്രണ്ടുമാർക്ക് അധിക ചുമതല വഹിക്കേണ്ടി വരുന്നത് കടുത്ത മാനസിക സമ്മർദത്തിനിടയാക്കുന്നു. പെൻഷൻ, ട്രഷറി സേവിങ്സ് ബാങ്ക് തുടങ്ങിയ അതീവ സൂക്ഷ്മത ആവശ്യമുള്ള വിഭാഗങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. വിരമിക്കാൻ 10 മാസത്തിൽ താഴെ മാത്രം ബാക്കിയുള്ള ജീവനക്കാർക്ക് അർഹമായ പ്രൊമോഷൻ ലഭിക്കാത്തത് പെൻഷൻ ആനുകൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കും. എൻട്രി കേഡറായ എൽഡി ക്ലർക്കിന്റെ 74 ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്‌. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്നും അർഹതപ്പെട്ട പ്രൊമോഷനുകൾ ഉടനടി നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home