ad
Deshabhimani

നന്തുണിപ്പാട്ടിന്റെ 
വിസ്മയം

മണികണ്ഠൻ മാങ്കാവ്

മണികണ്ഠൻ മാങ്കാവ്

avatar
നിധിൻ ഈപ്പൻ

Published on Jun 16, 2026, 01:07 AM | 1 min read

പാലക്കാട്

ജില്ലയുടെ കിഴക്കൻമേഖലയിൽ പൊറാട്ടുനാടകത്തിന്റെ കേളികൊട്ടുയരുമ്പോൾ മറുഭാഗത്ത് നാടൻപാട്ടിന്റെയും പരമ്പരാഗത കലാരൂപങ്ങളുടെയും ഗവേഷണത്തിലും അവതരണത്തിലും സജീവമാണ് മണികണ്ഠൻ മാങ്കാവ്. 18 വർഷങ്ങളായി ‘നന്തുണിപ്പാട്ട്' (ഭഗവതിപ്പാട്ട്) നെഞ്ചിലേറ്റിയ കലാകാരനാണ് ഇദ്ദേഹം. അമ്മാവൻ, മുത്തശ്ശൻ എന്നിവരിൽനിന്നാണ് മണികണ്ഠൻ ഈ കലാരൂപം സ്വായത്തമാക്കിയത്. തായ്‍വഴിയുള്ള കുടുംബപാരമ്പര്യം ഇന്നും നിലനിർത്തുന്നുണ്ട്. നന്തുണിപ്പാട്ട് ദേവസ്തുതിയാണ്. കണ്ണകിയുടെ ചരിത്രമാണ് പാടിപ്പറയുന്നത്. നാല് ദിവസങ്ങളിലായി രാവും പകലും നീളുന്ന അനുഷ്ഠാന കലയാണിത്. മധുര രാജാവിന്റെ കൊട്ടാരത്തിൽവച്ച് കണ്ണകിയുടെ ഭർത്താവായ കോവലൻ കൊല്ലപ്പെടുന്നതും തുടർന്ന്‌ കണ്ണകി മധുര നഗരം ചുട്ടെരിക്കുകയും ആ നാടിനെ ശപിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം. കണ്ണകിയുടെ ജനനം മുതൽ കല്യാണവും തുടർന്നുള്ള സംഭവവികാസങ്ങളും ഇതിൽ പാടിപ്പതിപ്പിക്കുന്നു. മധുര ദഹിപ്പിച്ചശേഷം കണ്ണകി നേരെവന്ന് കുടികൊണ്ടത് കൊടുങ്ങല്ലൂരിലാണ് എന്നാണ് ഐതിഹ്യം. കൊടുങ്ങല്ലൂരിൽവച്ച് ഭർത്താവിനെ വീണ്ടും ജീവിപ്പിക്കുന്നതും അവിടെയുള്ള ഭൂതഗണങ്ങളുടെ കഥകളും ഈ പാട്ടിന്റെ ഭാഗമായി വരുന്നു. ‘നന്തുണി' എന്ന തനത് വാദ്യോപകരണവും കുഴിത്താളവും ഉപയോഗിച്ചാണ് ഇത് പാടുന്നത്. മണ്ണാൻ സമുദായക്കാരാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്. എല്ലാ ജാതിക്കാരുടെ വേഷങ്ങളും കഥാപാത്രങ്ങളും ഇതിൽ കടന്നുവരുന്നുണ്ട്. അനുഷ്ഠാന കലാകാരനൊപ്പം മികച്ചൊരു സ്റ്റേജ് ആർട്ടിസ്റ്റ് കൂടിയാണ് മണികണ്ഠൻ. പൊറാട്ടുകളി, കണ്യാർകളി പാട്ടുകൾ, ആദിവാസി പാട്ടുകൾ, നാടൻപാട്ടുകളും ട്രെൻഡിങ് ഗാനങ്ങളും ഇദ്ദേഹം വേദികളിൽ അവതരിപ്പിക്കാറുണ്ട്. ആകാശവാണിയിൽ ‘ബി ഗ്രേഡ്' ആർട്ടിസ്റ്റായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവതരണങ്ങളിൽ ഒതുങ്ങാതെ പുതിയ തലമുറയ്ക്ക് നാടൻകലകൾ പകരാനും മണികണ്ഠൻ സമയം കണ്ടെത്തുന്നു. വിദ്യാരംഗം കലാസാഹിത്യ വേദികളിലും സ്കൂളുകളിലും നാടൻപാട്ട് പരിശീലകനായി പോകുന്ന ഇദ്ദേഹത്തിന്റെ കീഴിൽ പഠിച്ച വിദ്യാർഥികൾ ജില്ലാ-, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. ‘വയൽവരമ്പ്' എന്ന ടീമിലൂടെയാണ് മണികണ്ഠൻ കലാരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ‘കളിക്കൂട്ടം' നാടൻപാട്ട് സംഘത്തിൽ 15 വർഷത്തോളം പ്രവർത്തിച്ചു. നിലവിൽ നിരവധി നാടൻ കല അവതരണ സംഘങ്ങളിൽ സജീവ സാന്നിധ്യമാണ്. നിലവിൽ പാലക്കാട് പ്രവർത്തിക്കുന്ന എം ആൻഡ് എം ക്രിയേഷൻസ് നാട്ടുപൊലിക നാടൻപാട്ട് സംഘത്തിന്റെ കോ– ഓർഡിനേറ്ററാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home