Deshabhimani

ഒരേ താളത്തിൽ, ഇ‍ൗണത്തിൽ

കലാമണ്ഡലം ശ്രുതിയും ഗംഗാധരൻ കാറൽമണ്ണയും

കലാമണ്ഡലം ശ്രുതിയും ഗംഗാധരൻ കാറൽമണ്ണയും

avatar
സി പി മുഹമ്മദ്‌ ന‍ൗഫൽ

Published on Sep 08, 2026, 12:11 AM | 1 min read

ചെർപ്പുളശേരി

പാട്ട് ഇവർക്ക് വെറുമൊരു കലാരൂപമല്ല, തലമുറകളെ ബന്ധിപ്പിക്കുന്നൊരു ജീവിതമാണ്. ഒരാൾ വള്ളുവനാടിന്റെ മണ്ണിൽനിന്നുയർന്ന നാടൻപാട്ടിന്റെ ശബ്ദമാകുമ്പോൾ മറ്റൊരാൾ ശാസ്ത്രീയ സംഗീതത്തിന്റെ ശുദ്ധസ്വരങ്ങളുമായി അതിനൊപ്പം ചേരുന്നു. ഇരുപതുവർഷമായി നാടൻപാട്ടിന്റെ വഴിയിൽ സഞ്ചരിക്കുന്ന ഗംഗാധരൻ കാറൽമണ്ണയും പതിനഞ്ചുവർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിച്ച് വേദികളിലെത്തിയ കലാമണ്ഡലം ശ്രുതിയും കലാജീവിതത്തിലും കുടുംബജീവിതത്തിലും ഒരേ താളത്തിലാണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ പാട്ടിന്റെ ലോകത്തേക്ക് എത്തിയ ഗംഗാധരൻ രണ്ടായിരത്തിലേറെ വേദിയിൽ നാടൻപാട്ട് അവതരിപ്പിച്ചു. നായാടിപ്പാട്ട്, ചവിട്ടുകളിപ്പാട്ട്, തുയിലുണർത്തുപാട്ട്, തുടങ്ങിയവയും വട്ടമുടി, കരിങ്കാളി, പന്തക്കാളി, മാണിമുത്തപ്പൻ, തെയ്യം തുടങ്ങിയ വിവിധ കലാരൂപങ്ങളെ കണ്ടെത്തി പഠിക്കുകയും അവയുടെ പ്രചാരണത്തിന്‌ നേതൃത്വം നൽകുകയും ചെയ്യുന്നു. 2024ലെ കേരള ഫോക്‌ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം, 2018ൽ കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്, 2019ൽ കലാഭവൻ മണി ഫൗണ്ടേഷൻ ഫോക്‌ലോർ പുരസ്കാരം എന്നിവ ലഭിച്ചു. മരത്താളം, കാളകളി, തുടിതാളം എന്നീ മൂന്ന് ഇനങ്ങളിൽ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോഡും സ്വന്തമാക്കി. ഇരുപത് വർഷത്തിൽ രണ്ടായിരത്തിലേറെ പേർക്ക് പരിശീലനം നൽകി. ആയിരത്തിലേറെപേർക്ക് സൗജന്യമായാണ്‌ പരിശീലനം നൽകിയത്. അട്ടപ്പാടിയിലെ ഇരുള വിഭാഗക്കാരുടെ ‘ജീവിതവും സംഗീതവും’ എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ഗംഗാധരൻ പണിയനൃത്തം, മംഗലംകളി, മലപ്പുലയാട്ടം, പളിയനൃത്തം തുടങ്ങിയ ഗോത്രകലകളിലും പഠനം നടത്തിവരുന്നു. നാട്ടുകലാകാരന്മാരുടെ സംഘടനയായ നാട്ടുകലാകാരക്കൂട്ടത്തിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമാണ്. ഗംഗാധരന്റെ കലായാത്രയ്ക്ക് സമാന്തരമായി വളർന്നതാണ് ഭാര്യ കലാമണ്ഡലം ശ്രുതിയുടെ സംഗീത ജീവിതം. രണ്ടാംക്ലാസിൽ കർണാടക സംഗീത പഠനം ആരംഭിച്ച ശ്രുതി ഏഴുവർഷമായി 500ലേറെ വേദികളിൽ സംഗീതം അവതരിപ്പിച്ചു. സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടി. കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് ലഭിച്ചു. 2023ൽ വയനാട്ടിൽ നടന്ന ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോഡ് പരിപാടിയുടെ ഭാഗമായിരുന്നു. നിലവിൽ കേരള കലാമണ്ഡലത്തിലെ സംഗീത വിഭാഗത്തിൽ താൽക്കാലിക അധ്യാപികയാണ്. ഇരുവരുടെയും കലാസംഗമത്തിൽ പിറന്നതാണ് ‘യാഴ് ദി വള്ളുവനാടൻ ഫോക്ക് ബാൻഡ്’. മക്കൾ: ബദ്രി ഗംഗാധരൻ, ബാൻസുരി ശ്രുതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home