മഴ കനക്കും
ജില്ലയിൽ ഓറഞ്ച് ജാഗ്രത

പാലക്കാട്
ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ഓറഞ്ച് ജാഗ്രതയും തിങ്കളാഴ്ച മഞ്ഞ ജാഗ്രതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർമുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കാം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കുറഞ്ഞ സമയത്തിൽ വലിയ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും വൈദ്യുതിത്തൂണുകൾ മറിഞ്ഞും അപകടമുണ്ടാകാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മരങ്ങളുടെയും തൂണുകളുടെയും ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ നിർത്തിയിടാനോ പാടില്ല. ഉറപ്പില്ലാത്ത പരസ്യ ബോർഡുകളും കൊടിമരങ്ങളും ശ്രദ്ധിക്കണം. അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതർ ആവശ്യപ്പെടുന്നമുറയ്‌ക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. വൈദ്യുതിക്കമ്പികളും തൂണുകളും പൊട്ടിവീണാൽ കെഎസ്‌ഇബി കൺട്രോൾ റൂമിൽ (1912) അറിയിക്കണം. അപകട ഘട്ടങ്ങളിൽ കൺട്രോൾ റൂമുമായി (1077) ബന്ധപ്പെടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇത്തവണ ജില്ലയിൽ വേണ്ടത്ര വേനൽമഴ ലഭിച്ചിരുന്നില്ല. എന്നാൽ ജൂൺ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ജില്ലയിൽ 52.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ലഭിക്കേണ്ട മഴയേക്കാൾ 15 ശതമാനം കൂടുതലാണ്.










0 comments