Deshabhimani

300-ൽ അധികം വരുന്ന അപൂർവ ഔഷധച്ചെടികൾ, 100-ൽ പരം ബഡ് ആൻഡ്‌ ഗ്രാഫ്റ്റ് ചെയ്ത മാവുകൾ, 50-ഓളം പ്ലാവുകൾ, നൂറിലധികം നാടൻ-– വിദേശ ഫലവൃക്ഷങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാണ് കൃഷിയിടം

സസ്യങ്ങളുടെ
സ്വന്തം ലോകം

എം എം നാരായണൻ കൃഷിയിടത്തിൽ

എം എം നാരായണൻ കൃഷിയിടത്തിൽ

avatar
സി കെ ഉണ്ണികൃഷ്‌ണൻ

Published on Oct 07, 2026, 01:02 AM | 1 min read

കൂറ്റനാട്

ഔപചാരിക പഠനത്തിന്റെയോ ബിരുദങ്ങളുടെയോ അലങ്കാരങ്ങളില്ലാതെ, കൃഷിയെ പ്രാണവായുപോലെ സ്നേഹിച്ച ഒരു മാതൃകാ കർഷകനുണ്ട്‌ ചാലിശേരിയിൽ. കവുക്കോട് മുതുപറമ്പത്ത് മനയ്ക്കൽ എം എം നാരായണന്റെ മൂന്ന് ഏക്കർ പുരയിടമാണ് ഇന്ന് അപൂർവ ഔഷധസസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും കലവറയായി മാറിയത്. ചെറുപ്പം മുതലുള്ള അടങ്ങാത്ത താൽപ്പര്യവും അന്വേഷണ തൃഷ്ണയും കൊണ്ടുമാത്രമാണ് ഹരിതസമ്പത്ത് വച്ചുപിടിപ്പിച്ചത്. ​300-ൽ അധികം വരുന്ന അപൂർവ ഔഷധച്ചെടികൾ, 100-ൽ പരം ബഡ് ആൻഡ്‌ ഗ്രാഫ്റ്റ് ചെയ്ത മാവുകൾ, 50-ഓളം പ്ലാവുകൾ, നൂറിലധികം നാടൻ-–വിദേശ ഫലവൃക്ഷങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാണ് കൃഷിയിടം. സോറിയാസിസിന് ഒറ്റമൂലിയായ ദന്തപ്പാല, പ്രമേഹശമനിയായ ചക്കരക്കൊല്ലിയും മുള്ളൻചിറ്റമൃതും ആറിനം തിപ്പലികൾ, മൂന്നുതരം കൊടുവേലികൾ, ദശമൂലത്തിനും നാൽപ്പാമരത്തിനും ആവശ്യമായ വൃക്ഷങ്ങൾ എന്നിവ ഇവിടെയുണ്ട്‌. ചന്ദ്രമുഖി എന്ന അപൂർവ സസ്യവും രുദ്രാക്ഷമരം, ശിംശിപ, കായ ഭക്ഷിച്ചാൽ അപകടകരമാകുന്ന ഒതളം, അശോകം, കൃഷ്ണനാൽ എന്നിവയും ഇവിടത്തെ പ്രത്യേകതയാണ്. നക്ഷത്ര വൃക്ഷങ്ങളും പരിപാലിച്ചു വരുന്നു. ദശമൂലം, നാൽപ്പാമരം, പഞ്ചമൂലം, ത്രിഫല, തൃത്ത പഞ്ചമൂലം എന്നീ ചേരുവകൾക്കാവശ്യമായ വൃക്ഷങ്ങളും ഇവിടെയുണ്ട്. ​കഴിച്ചാൽ മറ്റുരുചികളും മധുരമായി തോന്നിപ്പിക്കുന്നതും കാൻസർ രോഗികൾക്ക് രുചി വീണ്ടെടുക്കാൻ സഹായിക്കുന്നതുമായ "മിറാക്കിൾ ഫ്രൂട്ട്', പഴം കഴിച്ചാൽ ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം പരത്തുന്ന "കെപ്പൽ മരം' എന്നിവയാണ് കൃഷിയിടത്തിലെ പ്രധാന ആകർഷണങ്ങൾ. ഇവയ്ക്ക് പുറമെ റമ്പൂട്ടാൻ, മാങ്കോസ്റ്റീൻ, ദുരിയൻ, പുലാസാൻ, അറേബ്യൻ അത്തി, നോനി തുടങ്ങിയ വിവിധ വിദേശ പഴവർഗങ്ങളും ജൈവ പച്ചക്കറികൾക്കായുള്ള ഗ്രീൻ ഹൗസും ഇവിടെയുണ്ട്. ​ചെടികൾക്ക് പുറമെ, ഏഷ്യയിലെ ആദ്യ സസ്യശാസ്ത്ര ഗ്രന്ഥമായ "ഹോർത്തൂസ് മലബാറിക്കസ്' , "ഇന്ത്യൻ മെഡിസിനൽ പ്ലാന്റ്സ്' ചരക-സുശ്രുത സംഹിതകൾ ഉൾപ്പെടെ നൂറുകണക്കിന് അപൂർവ ആയുർവേദ ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരവും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. കൃഷിയിലെ മികവിനും അക്ഷരശ്ലോക രംഗത്തെ പണ്ഡിത്യത്തിനും ഇദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങളും എത്തിച്ചേർന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home