രുചിക്കൂട്ട്
കൊടുവായൂരിന്റെ മലർപ്പൊരിപ്പെരുമ

കൊടുവായൂരിലെ ഡി ശ്രീകുമാർ മലർപ്പൊരിയുടെ ഗുണം പരിശോധിക്കുന്നു
എ തുളസീദാസ്
Published on Oct 01, 2026, 12:23 AM | 1 min read
കൊല്ലങ്കോട്
വിറകടുപ്പിലെ ഇരുമ്പുചട്ടിയിൽ കനലിന്റെ ചൂടേറ്റ് സ്വർണനിറം മാറി വെണ്മയിലേക്ക് നുരഞ്ഞുപൊന്തുന്നൊരു വിഭവമുണ്ട് – കൊടുവായൂരിന്റെ സ്വന്തം മലർപ്പൊരി. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ആയുർവേദ മരുന്ന് നിർമാണത്തിനും കാർഷിക ചടങ്ങുകൾക്കുമെല്ലാം ഒഴിച്ചുകൂടാനാകാത്ത വിഭവമാണിത്. ഗണപതി ഹോമത്തിന്റെ പ്രധാന പ്രസാദക്കൂട്ടുകൂടിയാണ് മലർപ്പൊരി. ഒരുകാലത്ത് കൊടുവായൂരിലെ നാൽപ്പതിലേറെ കുടുംബങ്ങൾ പൊരിനിർമാണത്തിൽ ഏർപ്പെട്ടിരുന്നു. വിപണനവുമായി ബന്ധപ്പെട്ട് മുന്നൂറിലേറെപ്പേർ ഉപജീവനവും നടത്തിയിരുന്നു. ഇന്നിവിടെ മൂന്ന് കുടുംബങ്ങൾ മാത്രമാണ് പൊരി നിർമിക്കുന്നത്. പൊരി നിർമാണത്തിനുള്ള ഗുണനിലവാരമുള്ള കനംകുറഞ്ഞ വെള്ളനെല്ല് കർണാടകയിൽനിന്നാണ് കൊണ്ടുവരുന്നത്. ഒരുകൊല്ലത്തേക്ക് ആവശ്യമായ നെല്ല് ഒറ്റത്തവണയായാണ് കൊണ്ടുവരിക. ഇപ്പോൾ ഒരു കിലോ നെല്ലിന് 36 രൂപയാണ് വില. ഇങ്ങനെയെത്തിക്കുന്ന നെല്ല് മിതമായ വെയിലിൽ നല്ലപോലെ ഉണക്കി ആറുമാസം ചാക്കിൽക്കെട്ടി സൂക്ഷിക്കുന്നു. വിറകടുപ്പിൽ നിയന്ത്രിത അളവിൽ വലിയ ഇരുമ്പുപാത്രത്തിൽ ചൂടാക്കിയാണ് പൊരി നിർമിക്കുന്നത്. ആറ് മണിക്കൂറിൽ ആയിരം കിലോ മലർപ്പൊരി നിർമിക്കാനാകും. പൊരിച്ചശേഷം മൂന്നുതവണ ശുദ്ധീകരിച്ച് ഗുണനിലവാരം ഉറപ്പാക്കി വലിയ ചാക്കുകളിലാക്കി വിപണന കേന്ദ്രങ്ങളിലേക്ക് കയറ്റിവിടുന്നു. ഒരു കിലോയ്‌ക്ക് നൂറു രൂപയാണ് വില. സൂപ്പർ മാർക്കറ്റുകൾ, പൂജ സ്റ്റോറുകൾ, ആയുർവേദ മരുന്ന് നിർമാണശാലകൾ, പ്രദർശന വിപണനശാലകൾ എന്നിവ മുഖേനയാണ് വിൽപ്പന. വലിയ ക്ഷേത്രങ്ങളിലേക്കും ആയുർവേദ മരുന്ന് നിർമാണശാലകളിലേക്കും മൊത്തമായി കയറ്റിയയക്കുന്നു. മലർപ്പൊരി പൊടിയാക്കി ശർക്കരയും നാളികേരവും ചേർത്ത് പൊരിത്തവിട് എന്ന സ്വാദിഷ്ടമായ ലഘുഭക്ഷണമുണ്ടാക്കാം. കൊടുവായൂർ തോട്ടേക്കാട് തറയിലെ ഡി ശ്രീകുമാർ 26 കൊല്ലമായി മലർപ്പൊരി ഉണ്ടാക്കുന്നു. അതിനുമുമ്പ് അച്ഛൻ ദണ്ഡപാണിയായിരുന്നു നിർമാണ കമ്പനി നടത്തിയിരുന്നത്. ആഗസ്‌ത് മുതൽ മെയ് അവസാനംവരെയാണ് പ്രധാന സീസൺ.









0 comments