മലമ്പുഴജലസേചന പദ്ധതി സ്റ്റേഡിയം
കായിക സമുച്ചയം മലമ്പുഴയുടെ മുഖച്ഛായ മാറ്റും; മന്ത്രി

മലന്പുഴ കായിക, ടൂറിസം രംഗത്തെ തനതായ മാറ്റത്തിന് ശ്രദ്ധേയ നീക്കമാണ് ജലവിഭവ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നവകേരള സദസ്സില്‍ നിര്‍ദേശിക്കപ്പെട്ട് മലമ്പുഴ ഇറിഗേഷന്‍ ഗ്രൗണ്ടില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള കായിക സമുച്ചയം മലമ്പുഴയുടെ മുഖച്ഛായമാറ്റുമെന്നും മന്ത്രി പറഞ്ഞു. 2024 –- 25 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ ഏഴ് കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്. 2500 പേര്‍ക്ക് ഒരുപോലെ കളി കാണാന്‍ സാധിക്കുന്ന ഗാലറിയാണ് ഒരുക്കുന്നത്. പവലിയന്‍, കമന്ററിബോക്സ്, വിശ്രമമുറികള്‍, ശൗചാലയങ്ങള്‍, വിപുലമായ പാര്‍ക്കിങ് സൗകര്യം, ആറ് വ്യാപാരശാലകള്‍ എന്നിവ ഉൾപ്പെടുത്തും. എ പ്രഭാകരന്‍ എംഎല്‍എ പരിപാടിയിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ എസ് ബി രാജു, ജില്ലാ പഞ്ചായത്തംഗം ടി ശോഭന, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക മാധവന്‍, പഞ്ചായത്ത് സ്ഥിരംസമിതി അംഗം പി സന്തോഷ്, പഞ്ചായത്തംഗം ലീലാവതി സതീഷ്, പ്രോജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ സി വി സുരേഷ് ബാബു, അസിസ്റ്റന്റ് സൂപ്രണ്ട് എം റഷീദ് എന്നിവര്‍ സംസാരിച്ചു.










0 comments