ചാനൽ മുറിയിൽ പൊലീസ് കടന്നത് ജനാധിപത്യ വിരുദ്ധം: എം ബി രാജേഷ്

പാലക്കാട്
റിപ്പോർട്ടർ ചാനൽ ന്യൂസ് റൂമിലേക്ക് പൊലീസ് കടന്നുചെന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് പറഞ്ഞു. ജനാധിപത്യത്തിനെതിരായ ഭീഷണി സന്ദേശമാണിത്. വി ഡി സതീശൻ താടിവയ്‌ക്കാത്ത മോദിയാണെന്ന് തെളിഞ്ഞു. മാധ്യമങ്ങളുടെ നാവരിഞ്ഞ ഇന്ദിരാഗാന്ധിയുടെ അർധഫാസിസ്റ്റ് വാഴ്‌ചയെ ഓർമിപ്പിക്കുന്നതാണിത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കൂടെയാണ് ഇടതുപക്ഷം. എൽഡിഎഫ് ഭരണകാലത്ത് ഒരു ന്യൂസ് റൂമിലും പൊലീസ് ചെന്നിട്ടില്ല. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് ന്യൂസ് ക്ലിക്കിന്റെ പത്രാധിപരെ തടഞ്ഞുവച്ച് ഓഫീസ് സീൽ ചെയ്‌ത അനുഭവമുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ റെയ്‌ഡ് നടത്തി. ഇഡി ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത് രാഷ്‌ട്രീയ ഉപകരണമായാണ്. കേരളത്തിൽ ഇത്രയൊക്കെ ശ്രമിച്ചിട്ടും ഒരു കേസെടുക്കാനുള്ള വകുപ്പ് കണ്ടുപിടിക്കാൻ ഇ ഡിയ്‌ക്ക് കഴിഞ്ഞില്ല. വലിയ തലക്കെട്ടുകൾ സൃഷ്‌ടിക്കുകയാണ് അവർ ചെയ്യുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.









0 comments