വോട്ടുപാട്ടിൽ അലിയാം
അലൈഡയുടെ പ്ലേ ലിസ്റ്റ് റെഡി

അലൈഡ ടീം റെക്കോഡിംങ്ങിൽ
പി കെ സുമേഷ്
Published on Dec 04, 2025, 12:00 AM | 1 min read
പട്ടാമ്പി
‘‘ഇടതിന്റെ തുടർച്ചയ്ക്ക് നാടിന്റെ നന്മയ്ക്ക് എൽഡിഎഫ് സാരഥിയെ വിജയിപ്പിക്കേണം. നാടിനിയും വളരേണം നേട്ടങ്ങൾ കൊയ്യേണം നമ്മുടെ നായകന് വോട്ടു ചെയ്യേണം നേരിന്നൊരു വോട്ട് എൽഡിഎഫിന് ചാർത്ത്....’’ – ലോക സിനിമയിലെ ‘തനിലോക മുറക്കാരി’യുടെ യഥാർഥ വരികൾ മറന്നുപോകും ഇൗ പാട്ട് കേട്ടാൽ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ നാടുമുഴുവൻ അലൈഡയുടെ പാട്ടുകളാണ്. കൂടുതലും മലയാളത്തിലെ പുതിയ ഗാനങ്ങളുടെ പാരഡികൾ. കിളിയേ കിളിയേ, ഏത് മൂഡ് തുടങ്ങി പട്ടിക നീളും. സ്ഥാനാർഥിയുടെ പേര്, ചിഹ്നം, രാഷ്ട്രീയ പാർടിയുടെ പേര്, വാർഡിലെ വികസനം, ഇഷ്ടഗാനം ഇത്രയും പറഞ്ഞാൽ മതി പാട്ട് റെഡി. 20 ദിവസത്തിനുള്ളിൽ 200 പാട്ടുകൾ ഇതിനകം എഴുതി റെക്കോർഡിങ് പൂർത്തിയാക്കി. ജില്ലയിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം സ്ഥാനാർഥികൾക്കായി പാട്ടുകൾ തയ്യാറാക്കി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ശങ്കരമംഗലം സ്വദേശികളായ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് പ്രസിഡന്റുമായ പി ആർ രജീഷ്, വി പി നിസാർ, പി ആർ രശ്മിത എന്നിവർ ചേർന്ന് അലൈഡ തുടങ്ങുന്നത്. കോവിഡ് മഹാമാരി തെരഞ്ഞെടുപ്പ് റെക്കോർഡിങ്ങുകളെയും ബാധിച്ചതോടെയാണ് സ്വന്തമായി തുടങ്ങാം എന്ന ആലോചനയിലെത്തിയത്. പാട്ടുകൾക്ക് വരികൾ തയ്യാറാക്കുന്നത് എം അബ്ദുൾ റഹ്മാനാണ്. കൊപ്പം– മുളയങ്കാവ് റോഡിലുള്ള "ഷൈൻ മിക്സ്" സ്റ്റുഡിയോയിലാണ് റെക്കോർഡിങ്. പ്രൊഫൈൽ ചിത്രങ്ങൾ, സ്റ്റാറ്റസ് വീഡിയോകൾ എന്നിവയും തയ്യാറാക്കി നൽകും.










0 comments