Deshabhimani

ഇനിയില്ല വികസനക്കാലം

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ നഗരനവീകരണം

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ നഗരനവീകരണം

വെബ് ഡെസ്ക്

Published on Oct 18, 2026, 12:00 AM | 4 min read

ജില്ലയുടെ വികസന കുതിപ്പിന്‌ കരുത്ത്‌ പകർന്നത്‌ കിഫ്‌ബിയാണ്‌. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, സ്‌റ്റേഡിയങ്ങൾ, സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾ വികസനത്തിന്റെ നല്ല കാലമാണ്‌ പദ്ധതി നാടിന്‌ സമ്മാനിച്ചത്‌. ദേശീയപാത വികസനം അതിവേഗത്തിലായിരുന്നു. നാടിന്റെ മുഖഛായ മാറ്റുന്നതിന്‌ അടിത്തറ പാകിയ കിഫ്‌ബി യുഡിഎഫ്‌ സർക്കാർ അവസാനിപ്പിക്കുകയാണ്‌. 
എൽഡിഎഫ്‌ കാലത്തെ വികസന കാഴ്‌ചകൾ ഇതാ...


ചെർപ്പുളശേരിക്ക് പുതുമുഖം

ചെർപ്പുളശേരി

ഇടതുപക്ഷ സർക്കാരിന്റെയും കിഫ്ബിയുടെയും കൂട്ടായ പരിശ്രമത്തിൽ ചെർപ്പുളശേരി നഗരത്തിന് ലഭിച്ചത്‌ പുതിയമുഖം. 39.6 കോടി രൂപയുടെ കിഫ്ബി പദ്ധതിയിലാണ്‌ നഗരം നവീകരിച്ചത്‌. റോഡ് വികസനത്തിനൊപ്പം നടപ്പാതകൾ, വഴിവിളക്കുകൾ, അഴുക്കുചാലുകൾ, കൈവരികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതോടെ നഗരത്തിന്റെ ഗതാഗത സൗകര്യങ്ങളിലും രൂപഭംഗിയിലും വലിയ മാറ്റമുണ്ടായി. പരിമിതമായ സാമ്പത്തിക സ്രോതസ്സുകൾക്കുള്ളിൽനിന്ന് മാത്രം സാധ്യമാകാത്ത വലിയ വികസനപദ്ധതികൾക്ക് ആവശ്യമായ തുക കണ്ടെത്തി നടപ്പാക്കാൻ കിഫ്ബി വഴി കഴിഞ്ഞതിന്റെ നേർസാക്ഷ്യമാണ് ചെർപ്പുളശേരിയിലെ നഗരനവീകരണം. നെല്ലായ സിറ്റി മുതൽ കച്ചേരിക്കുന്നുവരെയുള്ള നാല്‌ കിലോമീറ്റർ ആധുനിക നിലവാരത്തിലുള്ള നവീകരണമാണ്‌ നടത്തിയത്. ഗവ. ആശുപത്രി മുതൽ പുതിയ ബസ് സ്റ്റാൻഡ്‌-വരെയുള്ള പട്ടണത്തിന്റെ ഹൃദയഭാഗം നാലുവരിപ്പാതയായി വികസിപ്പിച്ച് ടാറിങ് നടത്തി. റോഡിന്റെ ഇരുവശങ്ങളിലും അഴുക്കുചാലുകൾ നിർമിച്ച് സ്ലാബുകൾ സ്ഥാപിച്ചു. നടപ്പാതയിൽ ടൈലുകൾ പാകുകയും കൈവരികൾ സ്ഥാപിക്കുകയും ചെയ്തു. നാലുവരിപ്പാതയുടെ ഇരുവശങ്ങളിലും ഇന്റർലോക്ക് കട്ടകൾ വിരിച്ചതും ആകർഷകമായ വഴിവിളക്കുകൾ സ്ഥാപിച്ചതും നഗരത്തിന് പുതിയ ഭംഗി പകരുന്നു. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനും വാഹനഗതാഗതം സുഗമമാക്കാനും കഴിയുന്ന രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കിയത്. പട്ടണത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചും പൊതുസ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയും ആവശ്യമായ വീതി ഉറപ്പാക്കിയാണ് നവീകരണം നടത്തിയത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസം പകരുന്നതിനൊപ്പം റോഡ് സുരക്ഷയും യാത്രാസൗകര്യങ്ങളും മെച്ചപ്പെടുത്താൻ ഇതിലൂടെ കഴിഞ്ഞു. വ്യാപാരികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് നവീകരണം.


ഉയർന്നു, ജില്ലാ ആശുപത്രിക്ക്‌ പുതിയ കെട്ടിടം

പാലക്കാട്

ജില്ലാ ആശുപത്രിയിലെ പുതിയ ആശുപത്രി സമുച്ചയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ പൂർത്തിയായ കെട്ടിടം നവംബറിൽ ഉദ്‌ഘാടനം ചെയ്യും. സാധാരണക്കാർക്ക്‌ മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കാനുള്ള മുൻ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് കിഫ്ബി വഴി പ്രാവർത്തികമാക്കിയ ഇ‍ൗ പദ്ധതി. കിഫ്ബി വഴി കെട്ടിട നിർമാണത്തിന്‌ 98.89 കോടി രൂപയും മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ വികസനങ്ങളും ഉൾപ്പെടെ 127 കോടി രൂപയുടെ സമഗ്ര പദ്ധതിയാണ് ഇവിടെ യാഥാർഥ്യമാകുന്നത്. സർക്കാർ ഏജൻസിയായ ഹൈറ്റ്സിനാണ്‌(എച്ച്എൽഎൽ ഇൻഫ്രാ ടെക് സർവീസസ് ലിമിറ്റഡ്) നിർമാണച്ചുമതല. 2023ലാണ് നിർമാണം ആരംഭിച്ചത്. 1,85,000 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ച് നിലകളിലാണ് കെട്ടിടം. ഒപിയും കിടത്തിച്ചികിത്സയും അത്യാഹിത വിഭാഗവും അത്യാധുനിക ശസ്ത്രക്രിയാ സംവിധാനങ്ങളും ഏകോപിപ്പിച്ചാണ് ഓരോ നിലയും ചിട്ടപ്പെടുത്തിയത്. ഗ്രൗണ്ട് ഫ്ലോറിൽ അത്യാഹിത വിഭാഗവും ആധുനിക ട്രോമാ കെയർ യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. ഒ പി കൗണ്ടറുകളും ഡിജിറ്റൽ എക്സ്-റേ, സിടി സ്കാൻ, അൾട്രാസൗണ്ട്, റേഡിയോളജി വിഭാഗവും റീജിയണൽ ഡയഗ്നോസ്റ്റിക് ലാബും ബ്ലഡ് ബാങ്കും ഈ നിലയിലാണ് പ്രവർത്തിക്കുക. ഒന്നാം നിലയിൽ ജനറൽ മെഡിസിൻ, സർജറി, കാർഡിയോളജി, നെഫ്രോളജി, യൂറോളജി തുടങ്ങിയ വിവിധ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഒ പി കൺസൾട്ടേഷൻ മുറികളും ഡയാലിസിസ് യൂണിറ്റും ലാബുകളും ഈ നിലയിലുണ്ട്‌. രണ്ടാം നിലയിൽ കിടത്തിച്ചികിത്സയ്ക്കായുള്ള ജനറൽ വാർഡുകളാണ്‌. മൂന്നാം നിലയിൽ വെന്റിലേറ്ററുകൾ അടക്കമുള്ള മെഡിക്കൽ ഐസിയു, സർജിക്കൽ ഐസിയു, ഹൈ ഡിപെൻഡൻസി യൂണിറ്റ്, പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള ഐസൊലേഷൻ വാർഡുകൾ എന്നിവയാണ് പ്രവർത്തിക്കുക. നാലാം നിലയിൽ നൂതന ലമിനാർ എയർഫ്ലോ സൗകര്യങ്ങളോടുകൂടിയ മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, പോസ്റ്റ്-ഓപ്പറേറ്റീവ് റിക്കവറി വാർഡുകൾ, കാത്ത്‌-ലാബ് സംവിധാനങ്ങൾ എന്നിവ പ്രവർത്തിക്കും. അഞ്ചാം നിലയിൽ ലേബർ റൂം, നവജാതശിശുക്കൾക്കുള്ള പ്രത്യേക പരിചരണ യൂണിറ്റ്, പീഡിയാട്രിക് ഐസിയു, സെൻട്രൽ സ്റ്റെറൈൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, ജീവനക്കാർക്കുള്ള പരിശീലന- കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കി. കെട്ടിടത്തിന്റെ പെയിന്റിങ്, ഇലക്‌ട്രിക്കൽ, പ്ലംബിങ് അടക്കമുള്ള അവസാനഘട്ട മിനുക്കുപണികൾ അതിവേഗം പുരോഗമിക്കുകയാണ്.


കരുത്തോടെ ചിറ്റൂർ

ചിറ്റൂർ

പഴയ ചിറ്റൂർ താലൂക്ക് ആശുപത്രി പുതിയത് ചിറ്റൂരിന്റെ ഹൃദയഭാഗത്ത് ഏഴുനിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെ ഉയർന്നുനിൽക്കുകയാണ്‌ താലൂക്ക് ആശുപത്രി. കിഫ്ബിയിൽ 70.51 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം നടത്തിയത്‌. അട്ടപ്പാടി കഴിഞ്ഞാൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ജനങ്ങൾ ഏറ്റവുമധികം താമസിക്കുന്നിടമാണ്‌ ചിറ്റൂർ. ഭൂരിഭാഗംപേരും കർഷകരും കർഷകത്തൊഴിലാളികളുമാണ്. കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ നിർമാണം പൂർത്തിയാക്കിയത്. പ്രത്യേക ഒപി, സ്പെഷ്യലിസ്റ്റ് ഓപ്പറേഷൻ തിയറ്റർ, ഐസിയു, ഡയാലിസിസ് യൂണിറ്റ്, സ്കാൻ സെന്റർ, വാർഡ്‌, ലാബ്‌, സൂപ്പർ സ്പെഷ്യലിസ്റ്റ് ഒപികളുമുണ്ട്. ചിറ്റൂരിന്റെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റമാണ്‌ ആശുപത്രിയിലൂടെ ഉണ്ടായത്.


അഴകായി കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ്‌

കൂറ്റനാട്

ഭാരതപ്പുഴക്ക് അഴകായി കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ്. വർഷങ്ങളായ ജനകീയാവശ്യത്തിന്റെ സാക്ഷാൽക്കാരമായാണ് പദ്ധതിക്ക് കിഫ്ബിയിൽ നിന്നും എൽഡിഎഫ്‌ സർക്കാർ 105 കോടി രൂപ അനുവദിച്ചത്. കുമ്പിടി ഭാഗത്തും കുറ്റിപ്പുറം ഭാഗത്തും അനുബന്ധ റോഡ് കൂടി നിർമിച്ചാൽ പദ്ധതി പൂർണമാകും. അനുബന്ധ റോഡ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റോഡിനായി കുറ്റിപ്പുറം ഭാഗത്ത് 63 പേരുടെയും കുമ്പിടി ഭാഗത്ത് 69 പേരുടേയും സ്ഥലമാണ് ഏറ്റെടുത്തത്. കുമ്പിടി, ഉമ്മത്തൂർ തുടങ്ങിയ പുഴയോര നിവാസികളുടെ ദീർഘകാലത്തെ സ്വപ്നത്തിനാണ് എം ബി രാജേഷ് തൃത്താലയുടെ ജനപ്രതിനിധിയായതോടെ ചിറകു മുളച്ചത്. പാലക്കാട്– മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുകയും കുമ്പിടിയിൽ നിന്നും കുറ്റിപ്പുറത്തേക്കുള്ള യാത്രാദൂരം കുറയ്‌ക്കുകയും ഇരുജില്ലകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യുന്നതാണ് ഈ പദ്ധതി. തൃത്താലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കും നാഴികക്കല്ലായി പദ്ധതി മാറും. കുമ്പിടിയില്‍നിന്ന്‌ തൃക്കണാപുരംവഴി 10 കിലോമീറ്റർ ദൂരം വളഞ്ഞുവേണം കുറ്റിപ്പുറത്ത് എത്താന്‍. പുതിയപാലം യാഥാര്‍ഥ്യമാകുന്നതോടെ തോണികളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക്‌ ഏറെ സഹായകമാകും. റഗുലേറ്റര്‍ വന്നതോടെ ജില്ലയിലെ ആനക്കര, കപ്പൂര്‍, പട്ടിത്തറ തുടങ്ങി പഞ്ചായത്തുകളിലെയും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ഇരുമ്പിളിയം,തവനൂര്‍ ഉള്‍പ്പെടെയുളള പഞ്ചായത്തുകളിലെ കുടിവെളള ക്ഷാമത്തിനും പരിഹാരമാകും. ഇതിന് പുറമെ രണ്ട് ജില്ലയിലേയും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി ഭൂമിയിലേക്ക് ജലസേചന സ‍ൗകര്യവുമുണ്ടാകും.


11.36 കോടിയുടെ തിളക്കം

ഒറ്റപ്പാലം

താലൂക്ക് ആശുപത്രിയിൽ കിഫ്ബി ഫണ്ടിൽനിന്ന് 11.36 കോടി രൂപ വിനിയോഗിച്ച് നിർമിച്ച ഒപി, കാഷ്വാലിറ്റി ബ്ലോക്കുകൾ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ് ജനങ്ങൾക്ക് സമർപ്പിച്ചത്. 18,804 സ്ക്വയർ മീറ്ററിൽ മൂന്ന്‌ നിലകളോടെ ലിഫ്റ്റ് ഉൾപ്പെടെയാണ് കെട്ടിടം സജ്ജമാക്കിയത്. ഒപി കാഷ്വാലിറ്റി ആൻഡ്‌ ഡയഗ്നോസ്റ്റിക്സ് കെട്ടിടം, ലാബ്, ഇസിജി, ഒപി കാഷ്വാലിറ്റി സൗകര്യങ്ങൾ എന്നിവ കെട്ടിടത്തിലേക്ക് മാറി. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്സ്റേ യൂണിറ്റും മാനസികാരോഗ്യ വിഭാഗവും ആരംഭിച്ചു. 1943– ൽ ഗവ. ഡിസ്‌-പെൻസറിയായി ആരംഭിച്ച സ്ഥാപനമാണ് ഒറ്റപ്പാലം – ചെർപ്പുളശേരി റോഡിൽ സ്ഥിതിചെയ്യുന്ന താലൂക്ക് ആശുപത്രി. ദിനംപ്രതി 1500 ലധികം പേരാണ് ഇവിടെ ചികിത്സയ്ക്ക്‌ എത്തുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home