തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതും പ്രതിസന്ധി
സർക്കാർ ആശുപത്രികളിൽ മരുന്നില്ല രോഗികൾ വലയുന്നു

പ്രത്യേക ലേഖകൻ
പാലക്കാട്
ജില്ലയിലെ സർക്കാർ ആശുപത്രികളിലെല്ലാം മരുന്നുക്ഷാമം രൂക്ഷം. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) മരുന്ന് വിതരണത്തിലെ അനിശ്ചിതത്വം തുടരുന്നതും കമീഷൻ നേടാൻ കോൺഗ്രസ് നേതാക്കൾ പഴുതൊരുക്കുന്നതുമാണ് സർക്കാർ ആശുപത്രികളെ പ്രതിസന്ധിയിലാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതോടെ ലോക്കൽ പർച്ചേസിനുള്ള ഫണ്ടും നൽകാൻ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കഴിയാതായി. ആദിവാസികൾ ഏറെ ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അവശ്യമരുന്നുകൾ തീർന്നുതുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോൾ മരുന്ന് വാങ്ങുന്നത്. ആ പണം തീർന്നാൽ തുടർന്നുള്ള പർച്ചേസ് ബുദ്ധിമുട്ടാകും. മരുന്നുവാങ്ങാൻ സർക്കാർ വിഹിതം അനുവദിക്കാത്തതിനാൽ ആദിവാസിമേഖലയിൽ ആരോഗ്യരംഗം അവതാളത്തിലാകും. ആലത്തൂർ, ചിറ്റൂർ, ഒറ്റപ്പാലം താലൂക്ക് ആശുപത്രികളിലും മരുന്നുക്ഷാമം രൂക്ഷമാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലും അവശ്യമരുന്നുകൾ മിക്കതും തീർന്നു. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്കൊപ്പം ഗർഭിണികൾക്കുള്ള അത്യാവശ്യ പോഷക ഗുളികകൾപോലും ലഭ്യമല്ലാതായതോടെ ഇവ പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു. ഇത് സാധാരണക്കാരിൽ കടുത്ത സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിക്കുന്നത്. മരുന്നുവിതരണ കമ്പനികൾക്കുള്ള കുടിശ്ശിക സർക്കാർ നൽകാത്തതും പ്രാദേശികമായി വാങ്ങാനുള്ള പരിമിതികളുമാണ് ക്ഷാമം രൂക്ഷമാക്കിയത്. പ്രമേഹരോഗികൾക്ക് സ്ഥിരമായി നൽകാറുള്ള മെറ്റ്ഫോർമിൻ (500, 1000 എംജി), ഗ്ലിമെപിറൈഡ് (1, 2 എംജി) എന്നിവയുടെ സ്റ്റോക്ക് തീർന്നു. രക്തസമ്മർദ നിയന്ത്രണത്തിന് വ്യാപകമായി കുറിക്കുന്ന അംലോഡിപിൻ, ടെൽമിസാർട്ടൻ (40 എംജി) എന്നിവയുടെ സ്റ്റോക്കും തീർന്നു. ഹൃദ്രോഗ സാധ്യതയുള്ളവർക്ക് നൽകുന്ന അത്യാവശ്യ മരുന്നായ ആസ്പിരിനും (75, 150 എംജി) ലഭ്യമല്ല. ഗർഭിണികൾക്ക് നൽകാറുള്ള ഇരുമ്പുസത്തും ഫോളിക് ആസിഡ് ഗുളികകളും ലഭ്യമല്ലാത്തതിനാൽ മാതൃ-–ശിശു സംരക്ഷണവും പ്രതിസന്ധിയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് നൽകേണ്ട മരുന്നുകൾ പലതും ഫാർമസിയിൽ ഇല്ല. ജില്ലാ പഞ്ചായത്ത് 4.25 കോടി രൂപയാണ് ജില്ലാ ആശുപത്രിയിലെ മരുന്നും മറ്റ് വിഭാഗങ്ങൾക്കും അനുവദിച്ചത്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചതോടെ അടുത്ത തവണ അനുവദിക്കുന്നതിൽ കുറവ് വരും. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിക്കും.
പാലിയേറ്റീവ് പ്രവർത്തനങ്ങളെയും ബാധിക്കും
ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹതം വെട്ടിക്കുറച്ചതോടെ പാലിയേറ്റീവ് പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.ആശുപത്രികൾ, സ്കൂളുകൾ, സ്നേഹസ്പർശം പദ്ധതി തുടങ്ങിയവയുടെ മുന്നോട്ടുപോക്ക് പ്രതിസന്ധി സൃഷ്ടിക്കും. ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന, ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ആരോഗ്യ– വിദ്യാഭ്യാസ മേഖലയെയാണ് സർക്കാർ നടപടി ഗുരുതരമായി ബാധിക്കുന്നത്. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നത് പ്രാദേശിക സർക്കാരുകളെ നോക്കുകുത്തിയാക്കുന്നതാണ്. ഇത് പ്രതിഷേധാർഹമാണ്.
എസ് ബി രാജു പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
ആലത്തൂർ താലൂക്ക് ആശുപത്രിയും പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ
ആലത്തൂർ താലൂക്ക് ആശുപത്രിയിൽ അൽപ്പംപോലും സർക്കാർ മരുന്ന് എത്തുന്നില്ല. പനി പടർന്നുപിടിക്കുന്നുണ്ടെങ്കിലും എലിപ്പനി പ്രതിരോധ മരുന്ന് ലഭ്യമല്ല. ഒആർഎസ് പൊടിപോലുമില്ല. ഡയാലിസിസ് രോഗികൾ ഉപയോഗിക്കുന്ന ജീവൻ രക്ഷാ മരുന്നിന്റെ കാര്യം പറയുകയേ വേണ്ട. അത്തരം മരുന്നുകളും എത്തുന്നില്ല. മൂന്നുമാസമായി ഇതാണ് സ്ഥിതി. എന്നിട്ടും എങ്ങനെ താലൂക്ക് ആശുപത്രി പിടിച്ചുനിൽക്കുന്നെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ ബ്ലോക്ക് പഞ്ചായത്ത്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് മരുന്ന് വാങ്ങുന്നതിനാൽ മാത്രമാണ് താലൂക്ക് ആശുപത്രിയിൽ മരുന്നുള്ളത്. കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽനിന്നുള്ള മരുന്നുവരവ് നിലച്ചതോടെ ഈ മരുന്നുകളും തികയുന്നില്ല. മറ്റ് ആശുപത്രികളിൽനിന്ന് മരുന്ന് സംഘടിപ്പിക്കുക എന്ന ജോലിയും ഫാർമസിസ്റ്റിന്റെ തലയിലാണ്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങുന്നുണ്ടെങ്കിലും എത്രകാലം മുന്നോട്ടുപോകുമെന്ന് പറയാനാകില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും പ്രതിസന്ധിയിലാണ്.
ആവശ്യമായ മരുന്നെത്തിക്കും
കഴിഞ്ഞ ഏതാനും മാസങ്ങളായി മരുന്ന് ക്ഷാമം നേരിടുന്നുണ്ട്. എന്നാൽ ഈ ക്ഷാമം രോഗികളെ അറിയിക്കാതെ ആവശ്യമായ മരുന്നെത്തിക്കാൻ ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്. പ്രതിസന്ധികൾ എന്തുവന്നാലും മരുന്ന് ലഭ്യമാക്കാനുള്ള പരമാവധി ശ്രമം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തും.
ടി കണ്ണൻ പ്രസിഡന്റ് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്









0 comments