കെജിഒഎ വാഹന പ്രചാരണ ജാഥ സമാപിച്ചു

കെജിഒഎ വാഹനജാഥ ഒറ്റപ്പാലത്ത് സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എസ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 19ന് നടത്തുന്ന ജില്ലാ മാർച്ചിന്റെ വാഹന പ്രചാരണജാഥയുടെ പര്യടനത്തിന്റെ ഒന്നാംദിനം പാലക്കാട് സമാപിച്ചു. വ്യാഴാഴ്‌ച രാവിലെ ഒറ്റപ്പാലത്തുനിന്നാണ് ജാഥ പര്യടനം തുടങ്ങിയത്. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എസ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്‌തു. എം ഐ എ റസാഖ് അധ്യക്ഷനായി. സി പി സതീഷ്‌കുമാർ സ്വാഗതം പറഞ്ഞു. എ പി എം റഷീദ്, ഐ എം സതീശൻ എന്നിവർ സംസാരിച്ചു. വൈകിട്ട് പാലക്കാട് അഞ്ച് വിളക്ക് പരിസരത്ത് ജാഥ സമാപിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം ജിഞ്ചു ജോസ് അധ്യക്ഷനായി. എ അരുൾകുമാർ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി സെയ്തലവി, വൈസ് ക്യാപ്‌റ്റൻ ഡോ. ട്വിങ്കിൾ സുരേന്ദ്, മാനേജർ ആർ സാജൻ എന്നിവർ സംസാരിച്ചു. പ്രചാരണ ജാഥയ്‌ക്ക് വെള്ളിയാഴ്‌ച ആലത്തൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്തും പകൽ 12.30ന് ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്തും പര്യടനം നടത്തി 3.30ന് പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് ജാഥ സമാപിക്കും. സമാപനയോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. ബുധനാഴ്‌ച കൂറ്റനാട്ടിൽനിന്നാണ് ജാഥ തുടങ്ങിയത്. കേരളത്തിന്റെ വികസനക്ഷേമ നേട്ടങ്ങളുടെ തുടർച്ച ഉറപ്പാക്കി സിവിൽ സർവീസിനെ സംരക്ഷിക്കുക, അഞ്ചുവർഷം തത്വംപാലിച്ച് ശമ്പള പരിഷ്കരണം യാഥാർഥ്യമാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പിഎഫ്‌ആർഡിഎ, പെൻഷൻ സാധൂകരണ നിയമം, ലേബർ കോഡുകൾ എന്നിവ പിൻവലിക്കുക, എൻപിഎസ് പിൻവലിച്ച് ഒപിഎസ് പുനഃസ്ഥാപിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലമാറ്റങ്ങൾ റദ്ദാക്കുക, പൊതുസ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വർഗീയതയെ ചെറുക്കുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 19ന് നടത്തുന്ന ജില്ലാ മാർച്ചിന്റെയും ധർണയുടെയും പ്രചാരണാർഥമാണ് ജാഥ.










0 comments