Deshabhimani

എങ്ങുമെത്താതെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി

കാത്തിരുന്ന്‌..കാത്തിരുന്ന്‌..

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി

avatar
വി പ്രശോഭ്

Published on Oct 19, 2026, 12:00 AM | 1 min read

മണ്ണാർക്കാട്

പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ലക്ഷ്യമിട്ട പ്രദേശങ്ങളിലേക്ക്‌ പൂർണമായി ജലമെത്തിക്കാനാകാതെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി. പദ്ധതി ആരംഭിച്ച്‌ 46 വർഷം പിന്നിട്ടിട്ടും നിർമാണവും കനാൽ ശൃംഖലയുടെ വികസനവും പൂർത്തിയായിട്ടില്ല. 46–-ാം വാർഷികം പദ്ധതി അധികൃതർ അറിഞ്ഞ മട്ടില്ല. അതുകൊണ്ട് ആഘോഷങ്ങളുമില്ല. 1980 ഒക്ടോബർ 18നാണ് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗിക ഉദ്‌ഘാടനം നിർവഹിച്ചത്‌. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തിയായത്. ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിൽ കാർഷിക മേഖലയ്‌ക്കും കുടിവെള്ള വിതരണത്തിനും ഉപയോഗപ്രദമാകുന്ന രീതിയിലാണ് പദ്ധതി ആരംഭിച്ചത്. 9713 ഹെക്ടർ കൃഷിക്ക് വെള്ളമെത്തിക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ 8467 ഹെക്ടർ കൃഷിഭൂമിയിലേക്ക് വെള്ളം എത്തിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. കനാല്‍ ശൃംഖലയുടെ പൂർണ നിർമാണവും നടന്നിട്ടില്ല. തെങ്കര ഭാഗത്തേക്കുള്ള 9.63 കിലോമീറ്റർ നീളം വരുന്ന വലതുകര കനാൽ പൂർത്തീകരിച്ചു. എന്നാൽ, പട്ടാമ്പി ഭാഗത്തേക്കുള്ള 66 കിലോമീറ്റർ നീളമുള്ള ഇടതുകര കനാലിൽ 61.7 കിലോമീറ്റർ മാത്രമാണ് പൂർത്തീകരിച്ചത്. മാരായമംഗലം, കുലുക്കല്ലൂർ, കുളപ്പുള്ളി നോർത്ത്, വല്ലപ്പുഴ എന്നീ ഭാഗങ്ങളിലും കനാൽ നിർമാണം പൂർത്തീകരിക്കേണ്ടതുണ്ട്. തുപ്പനാട് പുഴയിൽ ഷട്ടർ സ്ഥാപിക്കുന്ന രണ്ടാംഘട്ട പദ്ധതിയും ആരംഭിച്ചില്ല. രണ്ടാംഘട്ടം പൂർത്തീകരിക്കണമെങ്കിൽ 250 കോടി രൂപയെങ്കിലും വേണ്ടിവരും എന്നാണ് ജലസേചന വകുപ്പ്‌ പറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home