മാറ്റമില്ലാതെ ചൂട്

വെയിലേറ്റ് വാടല്ലേ.. ദേശീയപാതയില്‍ ഡിവൈഡറുകളിലെ ചെടികളെ ടാങ്കറില്‍ വെള്ളമെത്തിച്ച് നനയ്ക്കുന്ന തൊഴിലാളി
പാലക്കാട്
ജില്ലയിൽ ചൂട് മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്‌ച ഉയർന്ന താപനില 39.3 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ 18 ദിവസങ്ങളായി 37 ഡിഗ്രി സെൽഷ്യസിനുമുകളിലാണ് ചൂട്. 40 ഡിഗ്രി സെൽഷ്യസിൽനിന്ന് ചൂട് താഴ്‌ന്നെങ്കിലും ഉയർന്ന അന്തരീക്ഷ ഈർപ്പം അത്യുഷ്‌ണം ഉണ്ടാക്കുന്നുണ്ട്. അതേ സമയം അൾട്രാവയലറ്റ് സൂചികയിൽ കുറവുണ്ട്. നേരത്തേ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരുന്ന തൃത്താലയിൽ ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടുണ്ട്. ഇവിടെ കഴിഞ്ഞ ആഴ്‌ചയിൽ ഓറഞ്ച് ജാഗ്രതാ നിർദേശവും പ്രഖ്യാപിച്ചിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമായതിനാൽ ചൊവ്വ വൈകിട്ട് ചൂടിന് ആശ്വാസമുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴംവരെ ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 15.6 മില്ലിമീറ്റർ മുതൽ 64.4 മില്ലിമീറ്റർവരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. വേനൽ മഴ കുറഞ്ഞ സാഹചര്യത്തിൽ മുന്നറിയിപ്പ് അനുസരിച്ച് മഴ ലഭിച്ചാൽ ഉഷ്ണത്തിന് അറുതിയുണ്ടായേക്കും.
മംഗലംഡാം ഇന്ന് തുറക്കും
വടക്കഞ്ചേരി
ജില്ലയില്‍ വേനല്‍ക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മംഗലം അണക്കെട്ടിന്റെ റിവര്‍ സ്ല്യൂയിസ് വഴി ബുധനാഴ്ച രാവിലെ എട്ടിന് പുഴയിലേക്ക് വെള്ളം തുറന്നുവിടും. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കേരള വാട്ടര്‍ അതോറിറ്റിയും പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ഡാം തുറക്കുന്നത്.











0 comments