Deshabhimani

വരും ദിവസങ്ങളിൽ മൂന്നു മുതല്‍ നാലു ഡിഗ്രി സെൽഷ്യസുവരെ ചൂട്‌ ഉയരും

ചുട്ടുപൊള്ളുന്നു

heat alert
വെബ് ഡെസ്ക്

Published on Sep 08, 2026, 12:23 AM | 1 min read

പാലക്കാട്‌

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ചൂട്‌ റിപ്പോർട്ട്‌ ചെയ്തത്‌ ജില്ലകളിലൊന്ന്‌ പാലക്കാട്‌. തൃത്താലയില്‍ സ്ഥാപിച്ച അള്‍ട്രാവയലറ്റ് സെന്‍സറില്‍ തിങ്കളാഴ്ച യുവി സൂചിക ഒമ്പതിലേക്ക്‌ ഉയർന്നു. ഏപ്രിലിൽ ഇത്‌ എട്ടാണ്‌ രേഖപ്പെടുത്തിയത്‌. ഇത്തവണ വേനൽച്ചൂടിൽ ജില്ല വെന്തുരുകിയിരുന്നു. 40 ഡിഗ്രി സെൽഷ്യസിന്‌ മുകളിൽ ചൂട്‌ ഉയരുന്ന സ്ഥിതിയുണ്ടായി. ജലാശയങ്ങളെല്ലാം വറ്റിവരണ്ടു. അണക്കെട്ടുകളിൽ ആകെ സംഭരണശതമാനത്തിന്റെ പകുതിയിൽ താഴെയായി വെള്ളം. വേനൽ മഴ വൈകിയതോടെ കൃഷിയെ സാരമായി ബാധിച്ചു. ജൂണിൽ മൺസൂൺ എത്തിയെങ്കിലും പ്രതീക്ഷ തെറ്റിച്ചു. ആഗസ്ത്‌ ആദ്യ ആഴ്‌ചയിൽ മഴ വീണ്ടും ശക്തിയാർജിച്ചെങ്കിലും പിന്നീട്‌ തീവ്രത കുറയുകയായിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മുതൽ ഇതുവരെ മൈനസ്‌ 26 ശതമാനം കുറവ്‌ മഴയാണ്‌ ജില്ലയിൽ. സാധാരണ 1405.4 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നെങ്കിൽ ഇത്തവണ 1038.8 മില്ലിമീറ്റർ മാത്രമാണ്‌ ലഭിച്ചത്‌. മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശമായതിനാൽ താരതമ്യേന വികിരണ തീവ്രത കൂടുതലാണ്‌. ജലാശയവും മണൽ നിറഞ്ഞ പ്രദേശങ്ങളും അൾട്രാവയലറ്റ്‌ രശ്‌മികളെ പ്രതിഫലിപ്പിക്കുന്നു. രാത്രിയിലും ഉഷ്ണം കുറയുന്നില്ല. വരും ദിവസങ്ങളിലും ചൂടിന്റെ കാഠിന്യം വർധിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ബുധനാഴ്‌ചവരെ താപനില സാധാരണയെക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസുവരെ കൂടുതലാകും. മംഗലംഡാം തുറന്നു വടക്കഞ്ചേരി മഴയുടെ കുറവുമൂലം നെൽകൃഷി ഉണക്കുഭീഷണി നേരിടുന്ന സാഹചര്യത്തിൽ മംഗലംഡാം ഇടതുകനാൽ അഞ്ച് സെന്റിമീറ്റർ തുറന്നത്. ചരിത്രത്തിൽ ആദ്യമായാണ്- സെപ്തംബറിൽ കനാലിലേക്ക് വെള്ളം തുറന്ന് വിടുന്നത്.

​ശ്രദ്ധിക്കുക...

• പകല്‍ 11 മുതല്‍ 3 വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക • മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക • തീപിടിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ മുൻകരുതൽ വേണം • കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിസമയം ക്രമീകരിക്കുക • അസ്വസ്ഥത അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടുക



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home