കൂർക്ക വിളവെടുപ്പ് തുടങ്ങി
വില താഴേക്ക്, കർഷകർ നിരാശയിൽ

കുഴൽമന്ദം
വിളവെടുപ്പ് സജീവമായതോടെ കൂർക്ക വില ഇടിഞ്ഞു. തുടക്കത്തിൽ 100 രൂപയായിരുന്ന ചില്ലറ വിൽപ്പന ഇപ്പോൾ 60ൽ എത്തി. കർഷകർക്ക് 50 രൂപയും അതിലും താഴെയുമാണ് ലഭിക്കുന്നത്. കുഴൽമന്ദം മേഖലയിൽ കുത്തനൂർ, കോട്ടായി , പെരിങ്ങോട്ടുകുറുശി പഞ്ചായത്തുകളിലെ ചിലയിടങ്ങളിലാണ് പ്രധാനമായും കൂർക്ക കൃഷി ചെയ്യുന്നത്. മേഖലയിലെ മലയോര കാർഷിക ഗ്രാമങ്ങളിലെ പ്രധാന സീസൺ കാർഷികവിളകൂടിയാണ് കൂർക്ക. ജൂൺ, ജൂലൈയിലാണ് കൃഷിയിറക്കൽ. വിത്ത് പാകി മുളപ്പിച്ച് തയ്യാറാക്കുന്ന വള്ളികൾ നിശ്ചിത നീളത്തിൽ മുറിച്ചെടുത്ത് പാത്തികളിൽ നടുന്നതാണ് രീതി. മൺപാത്തി തയ്യാറാക്കാനും കൂർക്കത്തല നടാനും പ്രധാനമായും പ്രാദേശിക തൊഴിലാളികളെയാണ് ആശ്രയിക്കാറുള്ളത്. കാലാവസ്ഥാ വ്യതിയാനത്താൽ പ്രതിസന്ധി നേരിടുന്ന നെൽകൃഷി മേഖലയിലെ തൊഴിൽ നഷ്ടത്തിന് പരിഹാരംകൂടിയാണ് കൂർക്കയിൽനിന്നുള്ള ആദായം. കൂർക്ക പ്രധാനമായും കോട്ടായി അയ്യംകുളത്തെ സ്വാശ്രയ കാർഷിക വിപണന കേന്ദ്രത്തിൽ എത്തിച്ചാണ് വിൽക്കുന്നത്. അതുകൊണ്ടുതന്നെ ലേലത്തിൽ പോകുന്നതിനനുസരിച്ചുള്ള വില കർഷകർക്ക് ഉറപ്പാക്കാനും കഴിയുന്നുണ്ട്. കൂർക്ക കൃഷിചെയ്യുന്ന പാടശേഖരങ്ങളിൽ തുടർന്ന് രണ്ടാംവിള നെൽകൃഷി ചെയ്യും. കൂർക്കവള്ളികൾ ഉൾപ്പെടെ പാടശേഖരത്തിൽ ഉഴുതുമറിക്കുന്നതിനാൽ മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാനാകുമെന്ന് കർഷകർ പറയുന്നു.









0 comments