നല്ലേപ്പിള്ളിയിൽ കൊയ്‌ത്ത് തുടങ്ങി

ചിറ്റൂർ
ജലക്ഷാമം മുന്നിൽക്കണ്ട് നല്ലേപ്പള്ളിയിൽ മൂപ്പ് കുറഞ്ഞ വിത്തിനങ്ങളുപയോഗിച്ച് കൃഷിയിറക്കിയ വയലുകളിൽ കൊയ്‌ത്ത് തുടങ്ങി. 120 ദിവസം മൂപ്പുള്ള ജ്യോതി, കാഞ്ചന, ടിപിഎസ്- 5 എന്നീ വിത്തിനങ്ങൾ കൃഷിചെയ്‌ത പാടങ്ങളിലാണ് കൊയ്‌ത്ത് തുടങ്ങിയത്. അതേസമയം, മൂപ്പ് കൂടിയ ഭദ്ര, ഉമ തുടങ്ങിയ വിത്തിനങ്ങളിറക്കിയ കർഷകർക്ക് 140 ദിവസം മുതൽ 150 ദിവസംവരെ കൊയ്‌ത്തിന് കാത്തിരിക്കേണ്ടിവരും. നടീലിനും ഞാറുപാകാനും വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ കുഴൽക്കിണറുകളെയും കുളങ്ങളെയും ആശ്രയിച്ചവരാണ് വിളവെടുപ്പ് നടത്തിയത്. പറമ്പിക്കുളത്തിൽനിന്ന് വെള്ളം കിട്ടാത്തതിനാൽ കർഷകർക്ക് ഉണക്കുഭീഷണിയെയും നേരിടേണ്ടി വരുന്നുണ്ട്. കൊയ്‌ത്ത് തുടങ്ങിയിട്ടും നെല്ല് സംഭരണത്തെക്കുറിച്ച് യാതൊരു അറിയിപ്പും കർഷകർക്ക് സപ്ലൈകോ നൽകിയിട്ടില്ല. സംഭരണം കഴിഞ്ഞാൽതന്നെ വിലയ്‌ക്കായി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയിലുമാണ്. വരുംകാലങ്ങളിൽ ജലക്ഷാമം വെല്ലുവിളിയാകുന്നത് മുന്നിൽക്കണ്ട് ഏകീകൃത കൃഷിരീതി നടപ്പാക്കിയാലേ കർഷകന് കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയൂവെന്ന് നരിച്ചിറ പാടശേഖരസമിതി സെക്രട്ടറി വി രാജൻ പറഞ്ഞു.









0 comments