Deshabhimani

സ്വകാര്യ മില്ലുകാർക്ക്‌ കളമൊരുക്കി സർക്കാർ

സംഭരണവില പ്രഖ്യാപിച്ചില്ല കർഷകർ പ്രതിസന്ധിയിൽ

കോട്ടായിയിൽ ഒന്നാംവിള കൊയ്-ത്ത് ആരംഭിച്ചപ്പോൾ
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2026, 02:00 AM | 1 min read

പാലക്കാട്‌

ഒന്നാംവിള കൊയ്‌ത്ത്‌ തുടങ്ങിയിട്ടും നെല്ല്‌ സംഭരണത്തിന്‌ നടപടി തുടങ്ങാതെ സംസ്ഥാന സർക്കാർ. സംഭരണവിലപോലും പ്രഖ്യാപിക്കാതെ ചുരുങ്ങിയ വിലയ്‌ക്ക്‌ സ്വകാര്യ മില്ലുകാർക്ക്‌ കർഷകരെ കൊള്ളയടിക്കാൻ അവസരമൊരുക്കുന്നു. സംഭരണവില പ്രഖ്യാപിച്ചശേഷം മറ്റ്‌ നടപടികൾ പൂർത്തിയാക്കാൻ ചുരുങ്ങിയത്‌ രണ്ടാഴ്‌ച വേണം. കണ്ണമ്പ്ര, വടക്കഞ്ചേരി, ആലത്തൂർ, കോട്ടായി, അയിലൂർ, നെന്മാറ, എലവഞ്ചേരി പ്രദേശങ്ങളിൽ നിലവിൽ കൊയത്ത്‌ വ്യാപകമാണ്‌. വിത നടത്തിയ പാടശേഖരങ്ങളിലും മൂപ്പുകുറഞ്ഞ വിത്ത്‌ ഉപയോഗിച്ച കൃഷിയുമാണ്‌ നിലവിൽ കൊയ്യുന്നത്‌. കൊയ്തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഇടയ്‌ക്കിടെ പെയ്യുന്ന ചാറ്റൽമഴ നെല്ലുണക്കാൻ തടസ്സമാകുന്നു. നെല്ല് കൃത്യമായി ഉണങ്ങിയില്ലെങ്കിൽ ഈർപ്പംകൂടി ഗുണനിലവാരം കുറഞ്ഞ്‌ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. ഉണക്കി സൂക്ഷിക്കാൻ സ‍ൗകര്യമില്ലാത്തവർ കിട്ടിയ വിലയ്‌ക്ക്‌ സ്വകാര്യ മില്ലുകൾക്ക്‌ വിൽക്കേണ്ട ഗതികേടിലാണ്‌. ‍കൊയ്ത്ത്‌ കഴിയുന്ന സ്ഥലങ്ങളിൽ എജന്റുമാർ കർഷകനെ സമീപിക്കുന്നുണ്ട്‌. പണം ഉടനെ നൽകുമെന്നാണ്‌ വാഗ്‌ദാനം. അവസരം മുതലാക്കുന്ന മില്ലുടമകൾ പതിവിലും വിലകുറച്ചാണ്‌ നെല്ല്‌ ശേഖരിക്കുന്നത്‌. മട്ട കിലോയ്ക്ക്‌ 26 രൂപ നിരക്കിലാണ്‌ കർഷകരിൽനിന്ന്‌ എടുക്കുന്നത്‌. കൊയ്‌തെടുത്ത ഉടൻ വിറ്റാൽ കാഞ്ചനയ്‌ക്ക്‌ 23 രൂപയും ഉമയ്‌ക്ക്‌ 21 രൂപയുമാണ്‌ കിട്ടുന്നത്‌. ഉണക്കിക്കൊടുത്താൽ 25 രൂപയും. കഴിഞ്ഞവർഷം കിലോയ്‌ക്ക്‌ 30 രൂപ നിരക്കിലാണ്‌ സപ്ലൈകോ നെല്ല്‌ സംഭരിച്ചത്‌. ഇതിനുശേഷം കേന്ദ്രം താങ്ങുവില 72 പൈസ വർധിപ്പിച്ചിരുന്നു. വർധിപ്പിച്ച തുകയടക്കം കർഷകർക്ക്‌ നൽകിയാൽ ചുരുങ്ങിയത്‌ 30.72 രൂപ ലഭിക്കണം. കഴിഞ്ഞ രണ്ടാംവിള സീസണിൽ സപ്ലൈകോയ്ക്ക് നൽകിയ നെല്ലിന്റെ വില ഇനിയും പലർക്കും ലഭിച്ചിട്ടില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home