അട്ടപ്പാടിയിൽ വൻ കഞ്ചാവുവേട്ട; 610 ചെടി നശിപ്പിച്ചു

അട്ടപ്പാടിയിൽ എക‍്സെെസ് സംഘം കഞ്ചാവുചെടികൾ നശിപ്പിക്കുന്നു
പാലക്കാട്
അട്ടപ്പാടി ഉൾവനത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പാടവയൽ വില്ലേജിൽ മണിക്കൽ മലയുടെ പടിഞ്ഞാറേ ചെരുവിൽനിന്ന് 610 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. മൂന്ന് മുതൽ അഞ്ച് മാസംവരെ പ്രായമുള്ളവയായിരുന്നു ചെടികൾ. ഇവ പൂർണമായും വെട്ടി തീയിട്ട് നശിപ്പിച്ചു. ബുധൻ പുലർച്ചെ നാലോടെയാണ് സംഘം പരിശോധനയ്‌ക്കിറങ്ങിയത്. കാൽനടയായി ചെങ്കുത്തായ മലയിടുക്കുകളിലൂടെ ഉൾവനത്തിൽ സഞ്ചരിച്ച് രാവിലെ 8.45നാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഓഫീസ്, അഗളി എക്‌സൈസ് റേഞ്ച് ഓഫീസ്, മുക്കാലി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സി ഐ എൻ നൗഫൽ, എക്‌സൈസ് ഇൻസ്പെക്ടർമാരായ എ വിപിൻദാസ്, ജി ജിഷ്ണു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ പ്രസാദ്, പ്രിവന്റീവ് ഓഫീസർമാരായ കെ ജെ ലൂക്കോസ്, എം ചന്ദ്രൻ, എ കെ രജീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണമൂർത്തി, എൻ രജിത്ത്, കെ സുധീഷ്, എം അഷ്‌കർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments