മലമ്പുഴയിൽ ആന ചരിഞ്ഞു; ഷോക്കേറ്റതാകാമെന്ന് സംശയം

മലമ്പുഴയിൽ ചരിഞ്ഞ ആന
മലമ്പുഴ
മലമ്പുഴ അകമലവാരം അയ്യപ്പൻപൊറ്റയിൽ ആന ചരിഞ്ഞത് ഷോക്കേറ്റിട്ടാകാമെന്ന് പ്രാഥമിക നിഗമനം. ഞായർ പുലർച്ചെ വിറകുശേഖരിക്കാൻ കാടിന് സമീപത്തേക്ക് പോയ പ്രദേശവാസികളാണ് ൨൦ വയസ്സുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. സംഭവം അറിഞ്ഞയുടൻ നാട്ടുകാർ സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. വാളയാർ റേഞ്ചർ ആർ എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വിശദ പരിശോധന നടത്തി. എസ്റ്റേറ്റിന് സമീപത്തുകൂടെ ഒഴുകുന്ന നീർച്ചാലിലാണ് ആനയുടെ ജഡം കിടന്നത്. ചക്ക തിന്നാനെത്തിയ ആന കാടിനോടുചേർന്ന സ്വകാര്യ എസ്‌റ്റേറ്റിലെ വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റതായിരിക്കും മരണകാരണമെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിലേ മരണകാരണം വ്യക്തമാകൂ. തുടർന്ന്, ആനയുടെ ജഡം വാളയാർ കാട്ടിൽ സംസ്കരിക്കും. സംഭവത്തിൽ എസ്റ്റേറ്റിലെ വേലിയിൽ കെഎസ്‌ഇബിയുടെ ലൈനിൽനിന്നുള്ള വൈദ്യുതി കടത്തിവിട്ടിട്ടുണ്ടോയെന്ന് കെഎസ്‌ഇബി മലമ്പുഴ സെക്ഷനിലെ അധികൃതർ പരിശോധന ആരംഭിച്ചു. മലമ്പുഴ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.










0 comments