തദ്ദേശ ഉപതെരഞ്ഞെടുപ്പ്
ആവേശമായി എൽഡിഎഫ് പ്രചാരണം

ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി വി പൊന്നുക്കുട്ടൻ പല്ലശന പൂളപ്പറമ്പിൽ വോട്ടഭ്യർഥിക്കുന്നു
പാലക്കാട്
നാടാകെ ആവേശം സൃഷ്‌ടിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എട്ട് വാർഡുകളിൽ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണം. ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷൻ, മലന്പുഴ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ, ചിറ്റൂർ തത്തമംഗലം നഗരസഭയിലെ 24–ാം വാർഡ്, അയിലൂർ, പട്ടഞ്ചേരി, ശ്രീകൃഷ്‌ണപുരം, കരിന്പ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. എല്ലായിടത്തും എൽഡിഎഫ് പ്രചാരണം ഉൗർജിതമാണ്. ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വി പൊന്നുക്കുട്ടന്റെ സ്വീകരണ പരിപാടി തിങ്കളാഴ്‌ചയോടെ സമാപിച്ചു. തിങ്കളാഴ്‌ച പ്ലാച്ചിക്കാടിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടി തല്ലുമന്ദിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ രമാധരൻ, എൽഡിഎഫ് നേതാക്കളായ കെ ലക്ഷ്മണൻ, വി എം കൃഷ്ണൻ, ടി എ കൃഷ്ണൻകുട്ടി, പി ടി ഉണ്ണികൃഷ്ണൻ, എ കെ അനിൽകുമാർ,കെ രാജൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ, വൈസ് പ്രസിഡന്റ് കെ ശ്രീജിത്ത്, കൊല്ലങ്കോട് ബ്ലോക്ക് സെക്രട്ടറി ആർ രാഹുൽ എന്നിവർ സംസാരിച്ചു. വലിയ ജനപങ്കാളിത്തമാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും ഉണ്ടായത്. ജില്ലാ പഞ്ചായത്തിന്റെ വികസനവഴികൾ തുടരാൻ എൽഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും അതിനായി കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം വർധിപ്പിക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് എൽഡിഎഫ് നേതൃത്വത്തിൽ നടത്തുന്നത്. മലന്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക നഗർ ഡിവിഷനിൽ സീറ്റിങ് സീറ്റ് നിലനിർത്തി ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ശക്തമായ പ്രചാരണമാണ് നടക്കുന്നത്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ ഡിവിഷൻ മുസ്ലിം ലീഗിൽനിന്ന് പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. പട്ടഞ്ചേരി, ശ്രീകൃഷ്‌ണപുരം പഞ്ചായത്തുകളിലെ എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്താനും അയിലൂർ, കരിന്പ പഞ്ചായത്തുകൾ, ചിറ്റൂർ തത്തമംഗലം നഗരസഭ എന്നിവിടങ്ങളിലെ യുഡിഎഫ് വാർഡുകൾ പിടിച്ചെടുക്കാനുമുള്ള ഉൗർജിതമായ പ്രവർത്തനങ്ങളുമാണ് നടത്തുന്നത്. അധികാരത്തിലേറി നാലുമാസം തികയുന്പോഴേക്കും യുഡിഎഫ് സർക്കാർ ജനങ്ങളിൽനിന്ന് എത്രത്തോളം അകന്നെന്ന് തെളയിക്കുന്നതാണ് പ്രചാരണവേളയിൽ വോട്ടർമാർ പങ്കുവയ്‌ക്കുന്നത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ പത്തുവർഷം ഇല്ലാതിരുന്ന പവർകട്ട് തിരിച്ചുവന്നു. ക്ഷേമ പെൻഷൻ വിതരണം അട്ടിമറിച്ചുവെന്നും വോട്ടർമാർ പറയുന്നുണ്ട്. ഭരണവിരുദ്ധ വികാരംമൂലം പരാജയം മണക്കുന്ന യുഡിഎഫ് പ്രത്യക്ഷമായിത്തന്നെ ബിജെപിയുമായി ധാരണയിലെത്തിയിട്ടുണ്ട്. മിക്ക വാർഡുകളിലും ബിജെപി പ്രചാരണം മന്ദഗതിയിലാണ്.









0 comments