Deshabhimani

പരിസ്ഥിതിലോല മേഖല

അവഗണനയിൽ നൊന്ത്‌ കർഷകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പ്രത്യേക ലേഖകൻ

Published on Sep 27, 2026, 12:00 AM | 1 min read

പാലക്കാട്‌

പരിസ്ഥിതിലോല പ്രദേശങ്ങളായി കരട്‌ വിഞ്ജാപനത്തിൽ ഉൾപ്പെട്ട വില്ലേജുകളിൽ മുതലമടയെ മാത്രം ഒഴിവാക്കാൻ ആവശ്യപ്പെട്ട സംസ്ഥാന സർക്കാർ നടപടിയിൽ അമർഷം. ജില്ലയിലെ 14 വില്ലേജുകളാണ്‌ പരിസ്ഥിതി ലോല പ്രദേശങ്ങളായി (ഇഎസ്‌എ) കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്‌. ഇതിൽ ജനവാസ മേഖലകളെ ഒഴിവാക്കി വനമേഖലകളെ മാത്രം ഉൾപ്പെടുത്തണമെന്ന്‌ കർഷകരും വിവിധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ജൂലൈ 27ന്‌ പ്രസിദ്ധീകരിച്ച കരട്‌ വിജ്ഞാപനത്തിന്‌ ആക്ഷേപങ്ങൾ നൽകാൻ 60 ദിവസം കിട്ടിയിട്ടും കർഷകരുടെയും പ്രദേശവാസികളുടെയും അഭിപ്രായങ്ങൾ കേട്ടില്ല. സംസ്ഥാന സർക്കാർ രണ്ടുദിവസം മുന്പ്‌ 33 വില്ലേജുകളെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രസർക്കാരിന്‌ നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ, ഇ‍ൗ പട്ടികയിൽപോലും ജില്ലയിലെ മുതലമട 2 വില്ലേജ്‌ മാത്രമാണ്‌ ഉൾപ്പെട്ടത്‌. ഏത്‌ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരമൊരു റിപ്പോർട്ട്‌ നൽകിയതെന്ന ചോദ്യത്തിന്‌ സർക്കാരിന്‌ ഉത്തരമില്ല. തങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണിതെന്ന്‌ കർഷകർ ആവർത്തിച്ച്‌ പറയുന്പോഴും മ‍ൗനം തുടരുകയാണ്‌. അട്ടപ്പാടിയിലെ ആറ്‌ വില്ലേജുകളും നെല്ലിയാന്പതിയും പൂർണമായും ഇഎസ്‌എ പരിധിയിലാണ്‌. മുതലമട ഒന്ന്‌, രണ്ട്‌, പാലക്കയം, മലന്പുഴ ഒന്ന്‌, പുതുശേരി ഇ‍ൗസ്‌റ്റ്‌, പുതുപ്പരിയാരം ഒന്ന്‌, കിഴക്കഞ്ചേരി ഒന്ന്‌ എന്നിവയാണ്‌ മറ്റു വില്ലേജുകൾ. അട്ടപ്പാടി, നെല്ലിയാന്പതി എന്നിവ പൂർണമായും ഉൾപ്പെട്ടതിനാൽ ഇവിടങ്ങളിൽ ജനവാസം അസാധ്യമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്‌. ഏറ്റവും കൂടതൽ നാണ്യവളികൾ ഉൽപ്പാദിപ്പിക്കുന്ന കിഴക്കഞ്ചേരി ഒന്ന്‌ വില്ലേജിനെ ജനവാസമേഖലയായി കണക്കാക്കി ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പുതുശേരി ഇ‍ൗസ്‌റ്റ്‌ വില്ലേജ്‌ കഞ്ചിക്കോട്‌ വ്യവസായ മേഖലയുടെ ഭാഗമാണ്‌. അട്ടപ്പാടിയിൽ ആനക്കട്ടിക്ക്‌ അപ്പുറം ഇഎസ്‌എ പരിധിയില്ല. റോഡിന്റ തമിഴ്‌നാട്‌ ഉൾപ്പെടുന്ന ഭാഗം ഇഎസ്‌എ പരിധിയിൽനിന്ന്‌ ഒഴിവാക്കുകയും കേരള അതിർത്തി ഇഎസ്‌എ പരിധിയിൽ ഉൾപ്പെടുകയും ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home