പരിസ്ഥിതിലോല മേഖല
മലയോര ജനതയും ദുരിതത്തിൽ

ശിവദാസ് തച്ചക്കോട്
Published on Sep 27, 2026, 12:00 AM | 1 min read
വടക്കഞ്ചേരി
പരിസ്ഥിതിലോല മേഖലാ പരിധിയിൽനിന്ന് കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ ഒഴിവാക്കാത്ത സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. മലയോര ജനതയോടുള്ള അവഗണനയാണ് സർക്കാർ റിപ്പോർട്ടെന്ന് പ്രദേശവാസികൾ. ആയിരക്കണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരിസ്ഥിതി മന്ത്രാലയത്തിനും കത്ത് നൽകിയിരുന്നു. കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ പൂർണമായും ഉൾപ്പെടുത്തിയ വിജ്ഞാപനമാണ് നിലവിൽ ഇറങ്ങിയിരിക്കുന്നത്. ജനവാസമേഖലകളെ ഒഴിവാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പരിസ്ഥിതി മേഖലയിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ അതിർത്തി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. പരിസ്ഥിതിലോല മേഖലയുടെ പട്ടിയിൽ ഉൾപ്പെട്ടാൽ കാർഷിക- നിർമാണ മേഖലകൾക്ക് കടുത്ത നിയന്ത്രണമാണ് ഉണ്ടാവുക. കൃഷി, ക്വാറി നിർമാണം, ടൂറിസം, വ്യവസായം, വൈദ്യുതി, റോഡ് തുടങ്ങിയവയെ ഇത് ബാധിക്കും. പുതിയ വീട് – സ്ഥാപനം നിർമാണം, കിണർ കുഴിക്കൽ, സ്ഥലം കൈമാറ്റം എന്നിവയിൽ നിയന്ത്രണമുണ്ടാകും. കിഴക്കഞ്ചേരി പഞ്ചായത്തും മലയോര മേഖലയിലെ പാലക്കുഴി, കോട്ടേക്കുളം, വാൽക്കുളമ്പ് വാർഡുകളിൽ പ്രത്യേക ഗ്രാമസഭകൾ ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. നിർമാണം പൂർത്തീകരിച്ച പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കേരള കർഷകസംഘം ഉൾപ്പെടെ വിവിധ കർഷകസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
സർക്കാർ പിന്മാറണം
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കർഷരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. കിഴക്കഞ്ചേരി ഒന്ന് വില്ലേജിലെ ഏതൊക്കെ പ്രദേശമാണ് മേഖലയിൽ ഉൾപ്പെടുകയെന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണം. കൃഷി ചെയ്ത് ഉപജീവനമാർഗം കഴിയുന്നവരെ പ്രതിസന്ധിയിലാക്കുന്ന നടപടിയിൽനിന്ന് സർക്കാർ പിന്മാറണം.
റോയ് കുറ്റുവേലി, പാലക്കുഴി, കിഴക്കഞ്ചേരി.
പൊതുവികാരം തിരിച്ചറിയണം
ജനങ്ങളുടെ പൊതുവികാരത്തെ സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധമുണ്ട്. പഞ്ചായത്ത് ഭരണസമിതി പ്രത്യേക ഗ്രാമസഭകൾകൂടി ഐക്യകണ്ഠ്യേന പ്രമേയം പാസാക്കിയത് കേന്ദ്ര-– സംസ്ഥാന സർക്കാരുകൾക്കും പരിസ്ഥിതി മന്ത്രാലയത്തിനും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇവ കണക്കിലെടുക്കുന്നില്ല.
പി എം കലാധരൻ, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്









0 comments