റെയിൽവേ ഡിവിഷൻ വിഭജനം
സിപിഐ എം പ്രതിഷേധത്തിൽ ആയിരങ്ങൾ അണിനിരക്കും

പാലക്കാട്
ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖല മൈസൂരുവിൽ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഐ എം റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ കൂട്ടായ്മ സംഘടിപ്പിക്കും. പാലക്കാട്, ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിലാണ് പ്രതിഷേധം. ഷൊർണൂരിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും പാലക്കാട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉദ്ഘാടനം ചെയ്യും. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ചെർപ്പുളശേരി ഏരിയ കമ്മിറ്റികളിലെ പ്രവർത്തകരാണ് ഷൊർണൂരിൽ പങ്കെടുക്കുക, മുണ്ടൂർ, പുതുശേരി, പാലക്കാട്, ചിറ്റൂർ, കുഴൽമന്ദം, മണ്ണാർക്കാട്, അട്ടപ്പാടി, കൊല്ലങ്കോട്, വടക്കഞ്ചേരി, ആലത്തൂർ, ശ്രീകൃഷ്ണപുരം ഏരിയകളിലെ പ്രവർത്തകർ ഒലവക്കോട് നടക്കുന്ന പ്രതിഷേധത്തിലും പങ്കെടുക്കും. രണ്ടുസമര കേന്ദ്രങ്ങളിലും ആയിരക്കണക്കിനാളുകൾ അണിനിരക്കും. വിഭജനം പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ഭദ്രത, പ്രവർത്തനക്ഷമത, വികസന സാധ്യതകൾ എന്നിവയെയും കേരളത്തിന്റെയും മലബാർ മേഖലയുടെയും ദീർഘകാല താൽപ്പര്യങ്ങളെയും ബാധിക്കും. പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇത് പുതിയ ട്രെയിനുകൾ ഏർപ്പെടുത്താനും യാത്രാ സേവനങ്ങൾ വിപുലീകരിക്കാനുമുള്ള ഡിവിഷന്റെ കഴിവിനെ ബാധിക്കും. 2007-ൽ സേലം ഡിവിഷൻ രൂപീകരിച്ചശേഷം ഏകദേശം 1,247.58 റൂട്ട് കിലോമീറ്റർ ഉണ്ടായിരുന്ന പാലക്കാട് ഡിവിഷന്റെ അധികാരപരിധി ഘട്ടംഘട്ടമായി കുറഞ്ഞു. പുതിയ വിഭജനം പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കും. എന്നാൽ പ്രശ്നത്തിൽ മൗനം പാലിക്കുകയാണ് യുഡിഎഫ് എംപിമാർ. നാട്ടുകാരുടെ കണ്ണിൽപ്പൊടിയിടാൻ തിരുവോണനാളിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ ഉപരോധം നടത്തിയതല്ലാതെ മറ്റൊരു നീക്കവും ഇവരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. സംസ്ഥാന സർക്കാരും മൗനം പാലിക്കുകയാണ്.









0 comments