ad
Deshabhimani

അമ്മമാർക്ക്‌ സ്നേഹയാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സായൂജ്‌ ചന്ദ്രൻ

Published on May 10, 2026, 12:53 AM | 1 min read

പാലക്കാട്‌

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്താൻ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ്‌ സ്നേഹയാനം. നാഷണല്‍ ട്രസ്റ്റ്‌ നിയമത്തില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വളർച്ച ഇല്ലായ്‌മ, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ അമ്മമാരാണ്‌ ഗുണഭോക്താക്കൾ. ഇത്തരം കുടുംബങ്ങളിൽ കൂടുതലും അമ്മമാരാണ്‌ കുട്ടികൾക്ക്‌ തുണയാകുന്നത്‌. പലരും കുട്ടികളുടെ അച്ഛന്‍ ഉപേക്ഷിച്ചവരോ വിധവകളോ മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരോ ആണ്. ഭൂരിഭാഗവും മറ്റുള്ളവരെ ആശ്രയിച്ചാണ്‌ കഴിഞ്ഞ്‌ പോകുന്നത്‌. ഇ‍ൗ വസ്തുത മനസിലാക്കിയാണ്‌ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന അമ്മമാരെ ചേർത്തുപിടിക്കാൻ പദ്ധതി വിഭാവനം ചെയ്തത്‌. അവകാശപ്പെട്ടവരെ കണ്ടെത്തി ഇലക്ട്രിക് ഓട്ടോ നല്‍കുന്നതാണ്‌ പദ്ധതി. ആദ്യഘട്ടത്തില്‍ ഒരു ജില്ലയില്‍ രണ്ട്‌ ഗുണഭോക്താക്കളെ കണ്ടെത്തി വാഹനം നല്‍കും. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട മാനസിക വെല്ലുവിളി നേരിടുന്നവരുടെ അമ്മമാരെ മാത്രമാണ്‌ പദ്ധതിയിൽ ഉൾപ്പെടുത്തുക. ഭര്‍ത്താവ് ഉപേക്ഷിച്ചവരോ വിധവകളോ നിയമപരമായി ബന്ധം വേര്‍പെട്ടവരോ ആയിരിക്കണം. ബിപിഎൽ വിഭാഗത്തിൽപ്പെട്ട 55 വയസോ അതിൽ താഴെയോ ഉള്ളവർക്കാണ്‌ അവസരം. അപേക്ഷകയ്ക്ക്‌ ത്രീവീലര്‍ ലൈസന്‍സ് ഉണ്ടാകണം. ടാക്സ്, ഇന്‍ഷൂറന്‍സ് എന്നിവ ഗുണഭോക്താവ് അടയ്‌ക്കണം. ഇങ്ങനെ ലഭിക്കുന്ന ഓട്ടോറിക്ഷ മറിച്ച്‌ വിൽക്കാനും പണയപ്പെടുത്താനും പാടില്ല. അപേക്ഷ ജില്ലയിലെ സാമൂഹ്യ നീതി ഓഫീസർക്കാണ്‌ നൽകേണ്ടത്‌. അപേക്ഷക്കൊപ്പം റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, ഭര്‍ത്താവ് ഉപേക്ഷിച്ചയാള്‍, വിധവ ആണെന്ന് തെളിയിക്കാനുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ത്രീവീലര്‍ ലൈസന്‍സിന്റെ പകര്‍പ്പ്, മകൻ അല്ലെങ്കിൽ മകളുടെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഉൾപ്പെടുത്തണം. വിവരങ്ങൾക്ക്‌: https://sjd.kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home