ad
Deshabhimani

നിർദേശങ്ങളുമായി ഗതാഗത വകുപ്പ്

കനത്ത ചൂട്; ശ്രദ്ധിക്കാം വാഹനങ്ങളെയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 27, 2026, 02:00 AM | 2 min read

ജില്ലയിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ വാഹന ഉടമകളും ഡ്രൈവർമാരും അതീവ ജാഗ്രത 
പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. വാഹനങ്ങളിൽ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വേനൽക്കാലത്ത് വാഹനം ഓടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും പ്രത്യേക മുൻകരുതലുകൾ എടുക്കണം


ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍​  ഡ്രൈവ് ചെയ്യുന്നവർ ഇടയ്‌ക്കിടെ ശുദ്ധജലം കുടിക്കണം.  തലകറക്കാമോ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാൽ ഉടൻ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തണം.  അമിത ക്ഷീണത്തിന് കാരണമായേക്കാവുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ വാഹനം ഓടിക്കരുത്‌.  വെയിൽ നേരിട്ട് പതിക്കുന്ന രീതിയിൽ വാഹനങ്ങൾ ദീർഘനേരം പാർക്ക് ചെയ്യരുത്‌.  വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ വായുസഞ്ചാരം ഉറപ്പാക്കാൻ ഗ്ലാസുകൾ അൽപ്പം താഴ്‌ത്തിവയ്‌ക്കുക ​ അടച്ചിട്ട കാറുകൾക്കുള്ളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തിപോകരുത്.  ​ലൈറ്റർ, പെർഫ്യൂം ബോട്ടിൽ, സാനിറ്റൈസർ, മൊബൈൽ ഫോൺ, പവർ ബാങ്കുകൾ എന്നിവ വാഹനത്തിനുള്ളിൽവയ്‌ക്കരുത്.​  ടയറുകളുടെ മർദം പ്രത്യേകം ശ്രദ്ധിക്കുക. ചൂടുകാരണം ടയറുകൾക്കുള്ളിലെ വായു വികസിക്കുകയും ടയർ പൊട്ടാൻ ഇടയാക്കുകയും ചെയ്യും. പഴക്കംചെന്നതും തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കരുത്.  എൻജിന്റെ ചൂട് നിയന്ത്രിക്കുന്ന കൂളന്റ് സംവിധാനം, റേഡിയേറ്ററിന്റെ പ്രവർത്തനം എന്നിവ മികച്ചതാണെന്ന് ഉറപ്പാക്കണം.​  എസി കൃത്യമായി സർവീസ് ചെയ്യുകയും ഗ്യാസ് ചോർച്ചയില്ലെന്ന് ഉറപ്പാക്കുകയും വേണം.  ​ബാറ്ററിയിലെ വെള്ളം ബാഷ്പീകരിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. ​ പഴക്കമുള്ള വാഹങ്ങളിൽ ഇന്ധനച്ചോർച്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഹോസുകൾ കൃത്യമായ ഇടവേളയിൽ മാറിയിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തണം.


ആൾട്ടറേഷൻ പ്രധാന വില്ലൻ ​

അനധികൃതമായി വാഹനങ്ങളിൽ വരുത്തുന്ന ആൾട്ടറേഷനുകൾ വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. എൻജിൻ ശേഷിയേക്കാൾ കൂടുതൽ ശക്തി ഉൽപ്പാദിപ്പിക്കേണ്ടിവരുന്നത് എൻജിൻ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. അമിതമായ ചൂട് ഉണ്ടായി തീപിടിത്തം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇലക്‌ട്രിക്കൽ ആൾട്ടറേഷൻ നടത്തി ബാറ്ററിയിൽനിന്ന് അനുവദനീയമായതിനേക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിന് കാരണമാകാം. ഇത് പെട്ടെന്ന് തീപിടിത്തത്തിലേക്ക് നയിക്കും. അതിനാൽ ആൾട്ടറേഷനുകൾ ഒഴിവാക്കുകയും മികച്ച വർക്ക്‌ഷോപ്പുകളിൽ മാത്രം അറ്റകുറ്റപ്പണി നടത്തുകയും വേണം.


ഇലക്‌ട്രിക് വാഹനങ്ങൾ ശ്രദ്ധിക്കണം ​

ഇലക്‌ട്രിക് വാഹനങ്ങൾ താരതമ്യേനെ പുതിയവ ആയതിനാൽ അപകട സാധ്യതയും കുറവാണ്‌. ബാറ്ററി അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന ‘തെർമൽ റൺവേ' എന്ന പ്രതിഭാസമാണ് ഇ വികളിൽ പ്രധാനമായും വില്ലനാകുന്നത്. ഇത് ഒഴിവാക്കാൻ ദീർഘനേരം വെയിലത്ത്‌ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം. ദീർഘദൂര യാത്രകഴിഞ്ഞാൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും കഴിഞ്ഞ്‌ ബാറ്ററിയുടെ ചൂട് മാറിയശേഷം മാത്രം ചാർജ്‌ ചെയ്യുക. ഒറിജിനൽ ചാർജർ മാത്രം ഉപയോഗിക്കുക. അമിത ചാർജിങ്‌ ഒഴിവാക്കുക. രാത്രി മുഴുവൻ തുടർച്ചയായി ചാർജ് ചെയ്യുന്നത് ഒഴിവാക്കുക. ബാറ്ററിക്കുള്ളിൽനിന്നോ വാഹനത്തിൽനിന്നോ അസാധാരണമായ ചൂടോ പുകയോ മണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിശോധിക്കുക. ചെറിയൊരു അശ്രദ്ധപോലും വലിയ ദുരന്തങ്ങൾക്ക് വഴിമാറിയേക്കാം എന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് പാലക്കാട്‌ ആർടിഒ സി യു മുജീബ്, എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ ബി രഘു എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home