കുടുംബത്തിന് നീതി ഉറപ്പാക്കണം: വി ചെന്താമരാക്ഷൻ

ഗോപികയുടെ വീട്ടിലെത്തി അച്ഛൻ പ്രദീപ് കുമാറിനും കുടുംബാംഗങ്ങളെയും സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ ആശ്വസിപ്പിക്കുന്നു
പാലക്കാട്
നെടുമ്പാശേരിയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്നുപേർ മരിച്ചസംഭവത്തിൽ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ ആവശ്യപ്പെട്ടു. കാറപകടത്തിൽ കൊല്ലപ്പെട്ട മണ്ണാർക്കാട് ഇടക്കുറുശി സ്വദേശിനി ഗോപികയുടെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വ പകൽ മൂന്നോടെയാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. കൊച്ചിയിൽ പഠിക്കുന്ന ഇവർ പഠനചെലവ് കണ്ടെത്താൻ അവിടെ താൽക്കാലിക ജോലിചെയ്യുകയാണ്. കുടുംബത്തിന്റെ പ്രതീക്ഷയാണ് ഗോപിക. വിദ്യാർഥികളുടെ ദാരുണമായ അപകടത്തെ നിസാരവൽക്കരിക്കാനും കേസ് അട്ടിമറിക്കാനും തുടക്കംമുതൽതന്നെ ഉന്നത ഇടപെടൽ ഉണ്ടായതായി സംശയിക്കുന്നു. ഗോപികയുടെ വീട്ടുകാർ ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്. വാഹനാപകടം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാർ പ്രതികൾ ലഹരി ഉപയോഗിച്ചതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, എഫ്ഐആറിൽ പ്രതിയുടെ പേരും ഉൾപ്പെടുത്തിയിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്തശേഷം സബ് ജയിലിൽ കൊണ്ടുപോകുന്നതിന് പകരം കൊച്ചിയിലെ ബോസ്റ്റൽ ഹോസ്റ്റലിലേക്ക് വിട്ടതിലും ഉന്നത ഇടപെടലുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയെ ഇല്ലാതാക്കിയ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണം. ഗോപിക ഉൾപ്പെടെ മരിച്ച കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കാൻ സിപിഐ എം ഒപ്പമുണ്ടാകും. മരിച്ച കുട്ടികളെ സമൂഹമധ്യത്തിൽ അപമാനിക്കുന്ന കെ പി ശശികലയെപ്പോലുള്ളവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. മകൾ നഷ്ടപ്പെട്ട് തീരാവേദനയിൽ കഴിയുന്ന കുടുംബത്തെ അപമാനിക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കില്ല. അവർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും വി ചെന്താമരാക്ഷൻ ആവശ്യപ്പെട്ടു. മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ കെ നാരായണൻകുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ യു ടി രാമകൃഷ്ണൻ, കെ സി റിയാസുദ്ദീൻ, ലോക്കൽ സെക്രട്ടറി സി പി സജി, പി ജി വത്സൻ, കെ ചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായി.








0 comments