കേസ് അട്ടിമറിക്കാൻ അനുവദിക്കില്ല: ഡിവൈഎഫ്ഐ

ഗോപികയുടെ വീട് ഡിവൈഎഫ്ഐ നേതാക്കൾ സന്ദർശിക്കുന്നു
പാലക്കാട്
കേസ് പൊലീസിനെ ഉപയോഗിച്ച് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ്. അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിനി ഗോപികയുടെ വീട് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ സന്ദർശിച്ചു. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി കുടുംബാംഗങ്ങൾ ആശങ്ക പങ്കുവച്ചു. പോസ്റ്റ്മോർട്ടം പൂർത്തിയായെന്ന് അറിയിച്ചശേഷം മൃതദേഹം വിട്ടുനൽകാൻ ഒരു മണിക്കൂർ വൈകിപ്പിച്ചതിൽ ദുരൂഹതയുണ്ട്. പണവും സ്വാധീനവുമുണ്ടെങ്കിൽ ഏത് ക്രൂരമായ കുറ്റകൃത്യത്തിൽനിന്നും രക്ഷപ്പെടാമെന്ന രീതിയിലാണ് പൊലീസിന്റെ ഇടപെടൽ. പ്രതിക്ക് പ്രത്യേക പരിഗണന നൽകി ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതും സംശയാസ്പദമാണ്. മരിച്ചവരുടെ വീട്ടുകാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. മരണത്തിലും വർഗീയത കലർത്താൻ ശ്രമിക്കുന്ന ചിലരുടെ പ്രവണത അങ്ങേയറ്റം അപലപനീയമാണ്. നീതിക്കായുള്ള നിയമപോരാട്ടത്തിൽ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ ജയദേവൻ, പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ സി റിയാസുദ്ദീൻ, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ നീരജ്, വൈസ് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം, തച്ചമ്പാറ ബ്ലോക്ക് സെക്രട്ടറി ടി ഷാജ്മോഹൻ, സിപിഐ എം ലോക്കൽ സെക്രട്ടറി സി പി സജി, കെ റിഷാദ്, പി രഞ്ജിത് എന്നിവരാണ് ഗോപികയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.








0 comments