മഴയിലും ആവേശക്കടലായി റാലി
‘പ്രതിരോധം തീർക്കാൻ ഇതാ ഞങ്ങൾ’

സിപിഐ എം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
വി കെ രഘുപ്രസാദ്
Published on Oct 05, 2026, 12:45 AM | 1 min read
പാലക്കാട്
ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തും സംഘശക്തിയും വിളിച്ചോതി കനത്ത മഴയിലും പതിനായിരങ്ങൾ അണിനിരന്ന റാലി. തകർക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ‘പ്രതിരോധം തീർക്കാൻ ഇതാ ഞങ്ങൾ’ എന്ന് ഉറക്കെവിളിച്ചുപറഞ്ഞാണ് അരലക്ഷത്തിലേറെ പേർ പാലക്കാട് സ്‌റ്റേഡിയം പരിസരത്തേക്ക് എത്തിയത്. ഇത് ഉരുക്കുകോട്ടയാണെന്ന് തെളിയിച്ച് അലയടിച്ച ജനസാഗരം അക്ഷരാർഥത്തിൽ പാലക്കാട് നഗരത്തെ ത്രസിപ്പിച്ചു. സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ച് ഞായറാഴ്‌ച വൈകിട്ട് നടന്ന ബഹുജനറാലിയിൽ അരലക്ഷം പേരെ അണിനിരത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും നാടിന്റെ നാനാഭാഗങ്ങളിൽനിന്നും അതിലേറെപ്പേർ ജില്ലാ ആസ്ഥാനത്തേക്ക് പ്രവഹിച്ചു. പകൽ മൂന്നോടെതന്നെ ബസുകളിലും ട്രാവലറുകളിലുമായി പ്രവർത്തകർ സ്‌റ്റേഡിയം പരിസരത്തെത്തി. സ്‌ത്രീകളും പ്രായംചെന്നവരും അക്കൂട്ടത്തിലുണ്ടായി. ഭൂപരിഷ്‌കരണം മുതൽ അതിദാരിദ്ര്യ നിർമാർജനംവരെ കമ്യൂണിസ്റ്റ് കരുതൽ അറിഞ്ഞ ജനത അപ്രതീക്ഷിതമായി പെയ്‌ത കനത്തമഴയിലും ആവേശം ചോരാതെ സദസ്സിൽ തിങ്ങിനിറഞ്ഞു. കോർപ്പറേറ്റ്–വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരായി കമ്യൂണിസ്റ്റ് പാർടിയും ഇടതുപക്ഷവും നടത്താനിരിക്കുന്ന പ്രക്ഷോഭങ്ങളിൽ തോളോടുതോൾ ചേർന്ന് അണിനിരക്കുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചു. പൊതുയോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം കെ എസ് സലീഖ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ സുരേഷ്‌ബാബു സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്, സി കെ രാജേന്ദ്രൻ, കെ ശാന്തകുമാരി, മുതിർന്ന നേതാവ് എ കെ ബാലൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ആർ മുരളി, കെ പ്രേംകുമാർ, വി പൊന്നുക്കുട്ടൻ, എ പ്രഭാകരൻ, ടി എം ശശി, സുബൈദ ഇസഹാഖ് എന്നിവരും പങ്കെടുത്തു.








0 comments